തല അജിത്ത് വാക്ക് പാലിക്കുന്നു. വിശ്വാസം എന്ന ചിത്രത്തിനു ശേഷം തല അജിത്ത് അഭിനയിക്കുന്ന അടുത്ത സിനിമ ഒരുക്കുന്നത് ബോളിവുഡ് നിർമാതാവ് ബോണി കപൂർ ആണ്. വർഷങ്ങൾക്കു മുൻപ് ബോണി കപൂറിന്റെ ഭാര്യകൂടിയായ അന്തരിച്ച നടി ശ്രീദേവിക്ക് നൽകിയ വാക്കു പാലിക്കുന്നതിന്റെ ഭാഗമായാണ് തന്റെ അടുത്ത ചിത്രം ബോണിയുമൊത്താകാൻ അജിത്ത് തയാറായത്.
വിനോദാണ് ഈ ചിത്രം സംവിധാനം ചെയ്യുക. 2012ൽ ശ്രീദേവിക്കൊപ്പം ‘ഇംഗ്ലീഷ് വിംഗ്ലീഷ്’ എന്ന ചിത്രത്തിൽ അഭിനയിക്കുന്പോഴാണ് താരം വാക്ക് നൽകിയത്. ‘ഇംഗ്ലീഷ് വിംഗ്ലീഷി’ന്റെ ഹിന്ദി പതിപ്പിൽ അമിതാഭ് ബച്ചൻ ചെയ്ത വേഷമായിരുന്നു തമിഴിൽ അജിത് ചെയ്തത്.
അന്ന് തങ്ങളുടെ പ്രൊഡക്ഷൻ കന്പനിയുമൊത്ത് ഒരു സിനിമ ചെയ്യണമെന്ന് ശ്രീദേവി അജിത്തിനോട് ആവശ്യപ്പെട്ടിരുന്നു. അവസരം ഒത്തുവരുന്പോൾ നോക്കാമെന്ന് അജിത്ത് ഉറപ്പും നൽകിയിരുന്നു.
ശ്രീദേവി വിടപറഞ്ഞെങ്കിലും നൽകിയ ഉറപ്പ് പാലിക്കാൻ അജിത്ത് മുന്നോട്ടു വരികയായിരുന്നു. സിനിമാ ലോകത്തു നിന്നു വിട്ടുനിന്ന ശ്രീദേവി 15 വർഷത്തിനു ശേഷം ഗംഭീരമായ തിരിച്ചുവരവ് നടത്തിയ ചിത്രമായിരുന്നു ഇംഗ്ലീഷ് വിംഗ്ലീഷ്. ഗൗരി ഷിൻഡെ ഒരുക്കിയ ചിത്രം വൻ ഹിറ്റായിരുന്നു.