കണ്ണൂർ: പിണറായി കൂട്ടക്കൊലക്കേസ് പ്രതി സൗമ്യയുടെ മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങാതിരുന്നതോടെ ജയിൽ വകുപ്പ് അധികൃതർ അനാഥ മൃതദേഹമായി പരിഗണിച്ച് സംസ്കാരം നടത്തി. പയ്യാന്പലം പൊതുശ്മശാനത്തിൽ പ്രത്യേക തയാറാക്കിയ സ്ഥലത്ത് 11.30 ഓടെയാണ് സംസ്കാരം നടന്നത്. ബന്ധുക്കൾ മൃതദേഹം ഏറ്റുവാങ്ങുമെന്ന് പ്രതീക്ഷിച്ച് ജയിൽ വകുപ്പ് അധികൃതർ മൂന്ന് ദിവസം കാത്തിരുന്നു.
സൗമ്യ ജയിലിൽ ആത്മഹത്യ ചെയ്തതിൽ അസ്വഭാവികത ഉണ്ടെന്ന് ബന്ധുക്കൾ ആരോപിച്ചിരുന്നു. അതിനാൽ ഭാവിയിൽ വീണ്ടും പരിശോധനയ്ക്ക് മൃതദേഹം പുറത്തെടുക്കേണ്ടി വരുമെന്ന നിഗമനത്തിലാണ് പ്രത്യേക സ്ഥലത്ത് സംസ്കാരം നടത്തിയത്.
പോസ്റ്റ്മോർട്ടത്തിനു ശേഷം പരിയാരം മെഡിക്കൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടി ക്രമങ്ങൾ പൂർത്തിയാക്കി രാവിലെ പത്തോടെയാണ് പോലീസ് ഏറ്റുവാങ്ങിയത്. തുടർന്ന് ജയിൽ ആബുലൻസിൽ പയ്യാന്പലം പൊതുശ്മശാനത്തിൽ എത്തിക്കുകയായിരുന്നു.