കേരളം കണ്ട മഹാപ്രളയം ഏവര്‍ക്കും ദുരിതം വിതച്ചപ്പോള്‍ മീന്‍പിടുത്തക്കാര്‍ക്കു ലോട്ടറി. പലര്‍ക്കും കെട്ടുകണക്കിനു മത്സ്യമാണ് പുഴകളില്‍ നിന്നു ലഭിക്കുന്നത്. കഴിഞ്ഞദിവസം പെരുമറ്റത്തു ചൂണ്ടയില്‍ വന്‍ മത്സ്യം കുടുങ്ങി. അരപൈമ എന്ന മത്സ്യമാണ് ജോമോന്, അജീഷ്, സജി എന്നിവരുടെ ചൂണ്ടയില്‍ കുടുങ്ങിയത്.
58 കിലോ തൂക്കമുള്ള മീനായിരുന്നു ഇത്. അലങ്കാരമത്സ്യ വിഭാഗത്തില്‍പെടുന്ന അരപൈമയ്ക്ക് 250 കിലോ വരെ തൂക്കം വരും. ഒരാള്‍ പൊക്കത്തില്‍ കൂടുതല്‍ വലുപ്പമുണ്ട് അരാപൈമ ഇനത്തില്‍പ്പെട്ട ഈ മത്സ്യത്തിന്. ലോകത്തിലെ വലിപ്പംകൂടിയ ശുദ്ധജല മത്സ്യമാണിതെന്ന് അറിയുന്നു. ആമസോണ്‍ നദികളിലും ഉഷ്ണമേഖലാ പ്രദേശങ്ങളിലുമാണ് ഈ മത്സ്യത്തെ കണ്ടുവരുന്നത്. ഭീമന്‍മത്സ്യം കുടുങ്ങിയ വിവരം അറിഞ്ഞ് ഒട്ടേറെപ്പേര്‍ ഇവിടെയെത്തി. കാണാനെത്തിയവര്‍ക്കു മീന്‍ വീതിച്ചു നല്കി. മറ്റു പലയിടത്തും കട്ല, സിലോപ്പിയ, കൂരല് തുടങ്ങിയ മത്സ്യങ്ങള്‍ ലഭിക്കുന്നുണ്ട്.