വൈപ്പിൻ: പ്രളയക്കെടുതിയിൽ രക്ഷാപ്രവർത്തനത്തിനിറങ്ങിത്തിരിച്ച് വള്ളംമുങ്ങി കാണാതായ മകനെയോർത്ത് വിലപിക്കുന്ന ഒരു പെറ്റമ്മയുടെ കണ്ണീർ പ്രളയത്തിനു ഇനിയും അറുതിയായില്ല. ഈ മാസം 17ന് കാണാതായ മറ്റപ്പിള്ളി കുമാറിന്റെ മകൻ മിഥുൻകുമാറിനെ(23)യോർത്ത് അമ്മ സതിയാണ് കഴിഞ്ഞ പത്ത് ദിനങ്ങളായി ഉണ്ണാതെ, ഒരു പോള കണ്ണടക്കാതെ കണ്ണീർ വാർത്ത് കഴിയുന്നത്.
ഈ കുടുംബത്തിന്റെ ഏക പ്രതീക്ഷയായിരുന്നു മിഥുൻകുമാർ. പ്രളയം കൊടുന്പിരിക്കൊണ്ട 17നു ഉച്ചയോടെ ഓച്ചന്തുരുത്ത് അത്തോച്ചിക്കടവ് ഭാഗത്തായിരുന്നു അപകടം. ഒപ്പമുണ്ടായിരുന്ന രണ്ടുപേർ നീന്തി രക്ഷപ്പെട്ടെങ്കിലും മിഥുൻ കുത്തൊഴുക്കിൽപെട്ട് കായലിന്റെ അഗാധതയിലേക്ക് മുങ്ങിത്താഴ്ന്നുപോയി. നാട്ടുകാരും ഫയർഫോഴ്സുമെല്ലാം തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല.
യുവമോർച്ചയുടെ എളങ്കുന്നപ്പുഴ പഞ്ചായത്ത് വൈസ് പ്രസിഡന്റായിരുന്നു മിഥുൻ. ബിജെപി സംസ്ഥാന സെക്രട്ടറി എ.എൻ. രാധാകൃഷ്ണൻ, മധ്യമേഖലാ സെക്രട്ടറി ശങ്കരൻ കുട്ടി, ജില്ലാ പ്രസിഡന്റ് എൻ.കെ. മോഹൻദാസ്, നിയോജകമണ്ഡലം പ്രസിഡന്റ് വി.വി. അനിൽ, മഹിളമോർച്ച ജില്ലാ പ്രസിഡന്റ് പത്മജ എസ്.മേനോൻ എന്നിവർ ഇന്നലെ മിഥുന്റെ വീട്ടിലെത്തി സതിയെ ആശ്വസിപ്പിക്കാൻ ശ്രമിച്ചെങ്കിലും സ്നേഹമയിയായ ആ വീട്ടമ്മയുടെ ദുഖത്തിനു മുന്നിൽ ഇവർക്കും കണ്ണീർ വാർക്കാനെ കഴിഞ്ഞുള്ളു.