കേരളത്തിലെ വിവിധ പ്രളയബാധിത മേഖലകളില്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത് കേരളത്തിന്റെ സൈന്യം എന്നറിയപ്പെടുന്ന മത്സ്യത്തൊഴിലാളികളാണ്. മത്സ്യബന്ധനത്തിനു പോകുന്ന ബോട്ടുകളിലെത്തി ആയിരക്കണക്കിനാളുകളെ രക്ഷിച്ച ഇവര്‍ക്ക് നാനാഭാഗത്തു നിന്നും അഭിനന്ദനങ്ങളും അംഗീകാരവും ലഭിച്ചിരുന്നു. തങ്ങളുടെ സഹായമനസ്ഥിതി പ്രവര്‍ത്തികളിലൂടെ കാണിച്ചുതന്ന ഇവര്‍ ഇപ്പോഴിതാ മറ്റൊരു പുതിയ തീരുമാനത്തിലൂടെ വീണ്ടും കയ്യടി നേടുന്നു.
രക്ഷാ പ്രവര്‍ത്തനത്തിന് മുഖ്യമന്ത്രി പ്രഖ്യാപിച്ച പ്രതിഫലം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുമെന്നാണ് മത്സ്യ തൊഴിലാളികള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. 5000ത്തോളം മത്സ്യത്തൊഴിലാളികളാണ് പ്രളയത്തില്‍ കുടുങ്ങിയവരെ രക്ഷിക്കാന്‍ സ്വന്തം ഉപജീവന മാര്‍ഗമായ തോണിയുമെടുത്ത് പ്രളയ മേഖലകളിലെത്തിയത്. രക്ഷാ പ്രവര്‍ത്തനങ്ങളും മറ്റും നടത്തിയതിന് ഇവരെ ആദരിക്കുന്നതിനായി 29ന് തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങില്‍ വെച്ചുതന്നെ ഉപഹാരമായി ലഭിക്കുന്ന തുക കൈമാറും.
അതേസമയം, പ്രളയ ബാധിത പ്രദേശങ്ങളില്‍ നടത്തുന്ന ശുചീകരണ പ്രവര്‍ത്തനങ്ങളിലും ഇവര്‍ പങ്കാളികളാകുമെന്നറിയിച്ചിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനത്തില്‍ കേടുപാടുകള്‍ സംഭവിച്ച ബോട്ടുകളും വളളങ്ങളും അറ്റകുറ്റപണി വേഗത്തില്‍ ചെയ്തുതരണമെന്ന് ഇവര്‍ ആവശ്യപ്പെട്ടു.
വെള്ളമിറങ്ങി തുടങ്ങിയതോടെ അപ്പര്‍ കുട്ടനാടിന്റെ വിവിധ പ്രദേശങ്ങളിലെ വീടുകള്‍ വൃത്തിയാക്കാന്‍ മുന്നിട്ടിറങ്ങിയ വനിതകളില്‍ ഭൂരിഭാഗവും ഇതേ മത്സ്യത്തൊഴിലാളികളുടെ ഭാര്യമാര്‍ തന്നെയാണെന്നതും ശ്രദ്ധേയമാണ്. തിരുവോണനാളില്‍ പോലും ആഘോഷങ്ങള്‍ ഒഴിവാക്കി വീടുകള്‍ ശുചിയാക്കാന്‍ ഇവര്‍ ഇറങ്ങി. ഇവരില്‍ പലരും തങ്ങളുടെ വീടുകളില്‍ സ്വന്തം ചെലവില്‍ ഗര്‍ഭിണികളടക്കം നിരവധിയാളുകള്‍ക്ക് അഭയം നല്‍കിയിട്ടുണ്ടെന്ന കാര്യവും സ്തുത്യര്‍ഹമാണ്.