തൃശൂർ: മഴക്കെടുതിമൂലം ഒല്ലൂർ നിയോജക മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിൽ ഉണ്ടായ ഉരുൾപൊട്ടൽ, മല വിണ്ടുകീറൽ, മലയിടിയൽ പ്രതിഭാസങ്ങളെത്തുടർന്ന് ഈ മേഖലയിൽ സെസ് റിപ്പോർട്ട് തേടിയശേഷംമാത്രം ജനങ്ങളെ പുനരധിവസിപ്പിച്ചാൽ മതിയെന്നു ജില്ലാ കളക്ടർ ടി.വി. അനുപമ.
കളക്ടറുടെ ചേംബറിൽ ചേർന്ന യോഗത്തിലാണ് നിർദ്ദേശം. കെ.രാജൻ എംഎൽഎയുടെ സാന്നിധ്യത്തിൽ നിയോജക മണ്ഡലത്തിലെ പഞ്ചായത്തു പ്രസിഡന്റുമാർ, ജനപ്രതിനിധികൾ, വിവിധ വകുപ്പുതല ഉദ്യോഗസ്ഥർ എന്നിവരും യോഗത്തിൽ പങ്കെടുത്തു.
പുത്തൂർ പഞ്ചായത്തിലെ പുത്തൻകാട്, ചിറ്റംകുന്ന്, ഉരുളൻകുന്ന്, മാടക്കത്തറ പഞ്ചായത്തിലെ ആനന്ദപുരം, നടത്തറ പഞ്ചായത്തിലെ നെല്ലാനി, വട്ടപ്പാറ, പാണഞ്ചേരി പഞ്ചായത്തിലെ ആയോട്, പട്ട്ലം കുഴി, പീച്ചി എന്നിവിടങ്ങളിലെ ജനങ്ങളെയാണ് സെസ് റിപ്പോർട്ടിനുശേഷം തിരികെ വീടുകളിലേക്കു മാറ്റിപ്പാർപ്പിച്ചാൽ മതിയെന്ന് കളക്ടർ നിർദേശിച്ചത്.മേഖലയിൽ ഇനിയും ഉരുൾപൊട്ടൽ, മല വിണ്ടുകീറൽ എന്നിവയ്ക്ക് ഏറെ സാഹചര്യങ്ങളുണ്ടെന്ന് ജിയോളജി വകുപ്പ് ഉദ്യോഗസ്ഥർ യോഗത്തെ അറിയിച്ചു. പീച്ചി ഡാമിനോട് 800 മീറ്റർ അകലെ മാത്രം താമസിക്കുന്ന പ്രദേശവാസികളെ കുറച്ചുകാലത്തേക്ക് മാറ്റിപ്പാർപ്പിക്കാനും കളക്ടർ നിർദേശിച്ചു.
മഴക്കെടുതിമൂലം മണ്ഡലത്തിലെ തകർന്ന 13 റോഡുകളുടെ നിർമാണം ഉടൻ ആരംഭിക്കാൻ പിഡബ്ല്യുഡിയോട് (റോഡ്സ്) നിർദേശിച്ചു. ഒല്ലൂരിലെ ശോച്യാവസ്ഥയിലായ റോഡിന്റെ പണി രണ്ടു ദിവസത്തിനകം ആരംഭിക്കുമെന്നു പിഡബ്ല്യു ഡി ഉദ്യോഗസ്ഥർ കളക്ടറെ അറിയിച്ചു.
പുത്തൂർ പഞ്ചായത്തിലെ ഉരുളൻകുന്ന്, കൊളാംകുണ്ട്, ചിറ്റംകുന്ന്, പുത്തൻകാട്, കോതംകുണ്ട് പ്രദേശത്തെ 80 കുടുംബങ്ങളെയും മാടക്കത്തറ പഞ്ചായത്തിലെ 10 കുടുംബങ്ങളെയും സ്കൂൾ തുറക്കുന്നതിനാൽ മറ്റിടങ്ങളിലേക്ക് ഉടൻ മാറ്റിപ്പാർപ്പിക്കാനും തീരുമാനമായി.