ശ്രീകണ്ഠപുരം(കണ്ണൂർ): ഇരിക്കൂറിൽ തെരുവ്നായ ശല്യം രൂക്ഷം. ഇന്ന് പുലർച്ചെ നാലുപേർക്ക് കടിയേറ്റു. ഇരിക്കൂർ ടൗണിലെ സഫ ഹോട്ടൽ തൊഴിലാളി നിടുവള്ളൂരിലെ തെക്കുംഭാഗത്ത് മായിൻ (48), ഇരിട്ടിയിലെ ഹോട്ടൽ തൊഴിലാളി കുട്ടാവിലെ മുല്ലോളി താജുദീൻ (40), പത്രവിതരണം നടത്തുന്ന ഇരിക്കൂർ ടൗണിലെ താഴലെപുരയിൽ സാമിൽ (17), കോളോട്ടെ വിജയന്റെ ഭാര്യയും മാമാനം ക്ഷേത്രജീവനക്കാരിയുമായ ടി. ഷീല (45) എന്നിവർക്കാണ് കടിയേറ്റത്. എല്ലാവരെയും കണ്ണൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. താജുദീന്റെ പുറത്തും കൈക്കും, മായിന്റെ കൈക്കും സാമിലിന്റെ തുടയ്ക്കും ഷീലയുടെ കൈക്കുമാണ് കടിയേറ്റത്. കടിയേറ്റ് മായിന്റെ കൈയുടെ എല്ല് തകർന്നു.
പുലർച്ചെ അഞ്ചിന് ഹോട്ടലിലേക്ക് പോകുന്നതിനിടെ ഡയനാമോസ് ഗ്രൗണ്ടിൽ വച്ച് മായിനാണ് ആദ്യം നായയുടെ കടിയേറ്റത്. ഇതേ നായ തന്നെയാണ് സംസ്ഥാനപാതയിൽ കളങ്ങര പള്ളിക്ക് സമീപം വച്ച് താജുദീനെയും സാമിലിനെയും കടിച്ചത്. രാവിലെ ക്ഷേത്രത്തിലേക്ക് പോകുന്നതിനിടെ കോളോട് വച്ചാണ് ഷീലയ്ക്ക് കടിയേറ്റത്.
ഇരിക്കൂർ പഞ്ചായത്തിലെ കോളോട്, കുട്ടാവ്, സിദ്ദീഖ്നഗർ, ചേടിച്ചേരി, പെരുവളത്ത്പറമ്പ്, നിടുവള്ളൂർ, പട്ടുവം, പൈസായി ഭാഗങ്ങളിലെല്ലാം തെരുവ് നായ ശല്യം രൂക്ഷമാണ്. പ്രദേശത്തെ മാലിന്യ പ്രശ്നവും ലക്ഷങ്ങൾ ചെലവഴിച്ച് ഇരിക്കൂർ ടൗണിൽ ഉൾപ്പെടെ ഒരുക്കിയ തെരുവ് വിളക്കുകൾ പ്രകാശിക്കാത്തതുമാണ് തെരുവ്നായ ശല്യം വർധിക്കാൻ കാരണമെന്നാണ് നാട്ടുകാർ പറയുന്നത്. തെരുവ്നായ ശല്യം രൂക്ഷമായിട്ടും പഞ്ചായത്ത് യാതൊരു നടപടിയും സ്വീകരിച്ചിട്ടുമില്ല.