തളിപ്പറമ്പ്: പ്രശസ്ത ഗായകന് ചെന്നൈ പി. ഉണ്ണികൃഷ്ണന് ദുരിതബാധിതര്‍ക്ക് വേണ്ടിപാടാന് തളിപ്പറമ്പില്‍. തളിപ്പറമ്പിലെ സംഗീത കൂട്ടായ്മയായ പെരുംചെല്ലൂര് സംഗീതസഭയാണ് പരിപാടി സംഘടിപ്പിക്കുന്നത്. അദ്ദേഹത്തിന്റെ പരിപാടി നേരത്തെ സംഗീതസഭ ബുക്ക് ചെയ്തിരുന്നെങ്കിലും പ്രളയത്തെ തുടർന്ന് അടുത്തമാസം രണ്ടിലേക്ക് മാറ്റിവെക്കുകയായിരുന്നു.
പ്രതിഫലം പൂര്‍ണമായും പ്രളയദുരിതാശ്വാസത്തിന് നൽകാൻ സന്നദ്ധനായാണ് ഉണ്ണികൃഷ്ണന് വരുന്നത്. ഇതറിഞ്ഞ് പക്കമേളക്കാരും പ്രതിഫലം ഉപേക്ഷിച്ചു. സ്പതംബര്‍ രണ്ടിന് വൈകുന്നേരം 6.30 മുതല്‍ 9.30 വരെ രാജരാജേശ്വര ക്ഷേത്രത്തിന് സമീപത്തെ നീലകണ്ഠയ്യര്‍ സ്മാരക ഹാളിലാണ് കച്ചേരി നടക്കുന്നത്.
സംഗീതപരിപാടിയിലൂടെ സ്വരൂപിക്കുന്ന തുക കണ്ണൂര്‍ ജില്ലയിലെ ദുരിതബാധിതപ്രദേശത്ത് സംഗീതസഭ തന്നെ നേരിട്ട് ചെലവഴിക്കും. കച്ചേരിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന മറ്റ് മേഖലകളില്‍ ഉള്ളവരും തങ്ങളുടെ പ്രതിഫലം ഉപേക്ഷിക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ടെന്ന് വിജയ് നീലകണ്ഠന്, പി.വി. രാജശേഖരന്, ഡോ.കെ.വി. വല്സലന്, വിനോദ് അരിയേരി എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.