പ്രളയക്കെടുതി നേരിടാന്‍ 325 താത്ക്കാലിക ആശുപത്രികള്‍; പ്രവര്‍ത്തനം വ്യാഴാഴ്ച മുതല്‍

തിരുവനന്തപുരം: പ്രളയക്കെടുതി മൂലമുള്ള രോഗങ്ങളെ പ്രതിരോധിക്കാനും ജനങ്ങള്‍ക്ക് എല്ലായിടത്തും ചികിത്സാ സംവിധാനം ലഭ്യമാക്കാനുമായി 325 താത്ക്കാലിക ആശുപത്രികള്‍ സ്ഥാപിക്കാന്‍ തീരുമാനമായെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ. ഓഗസ്റ്റ് 30 മുതലാണ് ആശുപത്രികളുടെ പ്രവർത്തനം തുടങ്ങുന്നത്.

മഴക്കെടുതി മൂലം ദുരിതമനുഭവിക്കുന്ന പഞ്ചായത്തുകളില്‍ നിലവിലുള്ള ആരോഗ്യ കേന്ദ്രങ്ങള്‍ക്ക് പുറമെയാണ് താത്ക്കാലികമായി ആശുപത്രികള്‍ തുടങ്ങുന്നത്. 30 ദിവസത്തേയ്ക്ക് താത്കാലിക ആശുപത്രികൾ പ്രവർത്തിക്കുമെന്നും മന്ത്രി അറിയിച്ചു.

ആലപ്പുഴ-38, പത്തനംതിട്ട -9, കോട്ടയം-24, ഇടുക്കി-23, എറണാകുളം-50, തൃശൂര്‍-43, പാലക്കാട്-49, മലപ്പുറം-47, കോഴിക്കോട്-16, വയനാട്-26 എന്നീ ജില്ലകളിലാണ് പുതിയ ആശുപത്രികൾ തുടങ്ങുന്നത്. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെ മാതൃകയിലാണ് ആശുപത്രികള്‍ പ്രവര്‍ത്തിക്കുക. ഓരോ ഡോക്ടറും നഴ്സും ആശുപത്രിയിലുണ്ടാകും.

രാവിലെ 9 മുതല്‍ ഉച്ചയ്ക്ക് 2 വരെയാണ് പ്രവര്‍ത്തന സമയം. മെഡിക്കല്‍ കോളജിലെ പിജി ഡോക്ടര്‍മാരും മറ്റ് സന്നദ്ധ ഡോക്ടര്‍മാരുമായിരിക്കും ഈ കേന്ദ്രങ്ങളിൽ സേവനത്തിന് എത്തുന്നത്. കെഎംഎസ്‌സിഎല്‍ വഴിയായിരിക്കും മരുന്നുകള്‍ ലഭ്യമാക്കുകയെന്നും മന്ത്രി വാർത്താക്കുറിപ്പിൽ അറിയിച്ചു.

Related posts