തിരുവനന്തപുരം: പ്രളയക്കെടുതി നേരിടുന്ന അഞ്ച് ജില്ലകളിൽ ആരോഗ്യവകുപ്പിന്റെ എലിപ്പനി മുന്നറിയിപ്പ്. തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകൾക്കാണു മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. പ്രതിരോധമരുന്നുകൾ കഴിക്കാൻ എല്ലാവരും തയാറാകണമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.
വെള്ളപ്പൊക്കം കാരണം ഈ രോഗാണുക്കൾ എല്ലാ വെള്ളക്കെട്ടുകളിലും എത്താനുള്ള സാധ്യതയുണ്ട്. ശുചീകരണ പ്രവർത്തനം ഉൾപ്പെടെ വെള്ളവുമായി സന്പർക്കത്തിൽ വരുന്ന ജോലികളിൽ ഏർപ്പെടുന്നവരുടെ ശരീരത്തിലെ നേർത്ത പോറലുകളിലും മുറിവുകളിലും കൂടി ഈ രോഗാണുക്കൾ ശരീരത്തിൽ പ്രവേശിക്കും. പനി ലക്ഷണം കണ്ടാൽ സ്വയം ചികിത്സ നടത്താതെ ആരോഗ്യ കേന്ദ്രങ്ങളുമായി ബന്ധപ്പെടണമെന്നും ആരോഗ്യവകുപ്പ് നിർദേശിക്കുന്നു.
പ്രളയത്തിനുശേഷം രക്ഷാപ്രവർത്തനത്തിലും ശുചീകരണപ്രവർത്തനങ്ങളിലും ഏർപ്പെടുന്നവർക്കു നേരത്തെ തന്നെ എലിപ്പനി മുന്നറിയിപ്പും പ്രതിരോധമരുന്നും നൽകിയിരുന്നു. പ്രളയബാധിത പ്രദേശങ്ങളിലെ വെള്ളക്കെട്ടുകളിൽ ശുചീകരണത്തിന് ഇറങ്ങുന്നവർ എലിപ്പനി തടയുന്നതിന് ഡോക്സിസൈക്ലിൻ ഗുളിക ഉപയോഗിക്കണമെന്ന് മെഡിക്കൽ ഓഫീസർമാർ നിർദേശിച്ചിട്ടുണ്ട്.