കോട്ടയം: പ്രളയത്തെ തുടർന്ന് അടച്ച സ്കൂളുകളുടെ പ്രവർത്തനം ഇന്ന് വീണ്ടും ആരംഭിച്ചു. ജില്ലയിലെ 900 സ്കൂളുകളാണ് ഇന്ന് തുറക്കുന്നത്. വെള്ളം കയറിയ കോട്ടയം വെസ്റ്റ് കരീമഠം ഗവണ്മെന്റ് യുപിഎസിൽ ക്ലാസുകൾ ഇല്ല. സ്കൂൾ കെട്ടിടങ്ങളുടെ ഫിറ്റ്നസ് ഉറപ്പാക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് പ്രത്യേക നിർദ്ദേശം നൽകിയിട്ടുണ്ട്.
വെള്ളം കയറിയ പ്രദേശങ്ങളിലെ കേടുപാടുകൾ സംഭവിച്ച സ്കൂളുകളിൽ പകരം സംവിധാനം ഒരുക്കിയിട്ടുണ്ട്. ക്യാന്പുകൾ പ്രവർത്തിച്ചിരുന്ന സ്കൂളുകളിലെ ശുചീകരണ പ്രവർത്തനങ്ങൾ ഇന്നലെ പൂർത്തിയായി. വിദ്യാഭ്യാസ വകുപ്പിലെ ജീവനക്കാരും അധ്യാപകരും സന്നദ്ധ പ്രവർത്തകരും ചേർന്നാണ് തുടർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.
കുട്ടികളെത്തിയാൽ നഷ്ടപ്പെട്ട പാഠപുസ്തകം, യൂണിഫോം, പഠനോപകരണങ്ങൾ തുടങ്ങിയവയുടെ കണക്കെടുക്കുമെന്ന് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ എ.കെ. അരവിന്ദാക്ഷൻ അറിയിച്ചു. ഇന്ന് തന്നെ ഇതു സംബന്ധിച്ച റിപ്പോർട്ട് എല്ലാ സ്കൂളുകളിൽ നിന്നും അയക്കണമെന്ന് നിർദ്ദേശിച്ചിട്ടുണ്ട്.
സെപ്റ്റംബർ മൂന്ന് മുതൽ പാഠപുസ്തകങ്ങൾ വിതരണം ചെയ്യാനാണ് ആലോചിക്കുന്നത്. യൂണിഫോമുകൾ സെപ്റ്റംബർ രണ്ടാം വാരം എത്തിക്കും. സ്മാർട് ക്ലാസ് റൂമുകളിലെ ഇലക്ട്രിക് ഉപകരണങ്ങളുടെ കേടുപാടുകൾ ഐടി മിഷന്റെ നേതൃത്വത്തിൽ പരിഹരിച്ചു നൽകുന്നതിനും തീരുമാനമായിട്ടുണ്ട്.
ഈ വർഷം മൂന്നു തവണയായുണ്ടായ വെള്ളപ്പൊക്കത്തെ തുടർന്ന് നിരവധി അധ്യയന ദിവസങ്ങൾ നഷ്ടപ്പെട്ടു. ജൂലൈ 16 മുതൽ 27 വരെയും ഓഗസറ്റ് 15 മുതൽ 27 വരെയും ദുരിതാശ്വാസ ക്യാന്പുകളായി പ്രവർത്തിച്ച സ്കൂളുകൾ അടഞ്ഞു കിടന്നു.