കോട്ടയം: അർജുനും മീനാക്ഷിക്കും രക്ഷയായത് അച്ഛന്റെ ചങ്ങാടം. പ്രളയ ജലത്തിൽ മുങ്ങിക്കിടന്ന വീട്ടിൽ നിന്ന് അർജുന്റെയും മീനാക്ഷിയുടെയും പാഠപുസ്തകങ്ങൾ സുരക്ഷിത സ്ഥാനത്തേക്ക് അച്ഛൻ ചങ്ങാടത്തിലെത്തി മാറ്റിയിരുന്നു. അതിനാൽ പാതി നനഞ്ഞ പുസ്തകങ്ങൾ ഉണക്കി ഇന്ന് ഇരുവരും സ്കൂളിലേക്ക് പോയി.
ചാലുകുന്ന് തൈത്തറമാലിയിൽ ഷിബുവിന്റെയും ബിന്ദുവിന്റെയും മക്കളാണ് അർജുനും മീനാക്ഷിയും. ഇവരുടെ വീട് പ്രളയജലത്തിൽ മുങ്ങിയിരുന്നു. 11 ദിവസം ചാലുകുന്ന് സിഎൻഐ എൽപി സ്കൂളിലെ ദുരിതാശ്വാസ ക്യാന്പിലായിരുന്നു ഈ കുരുന്നുകളുടെ കുടുംബം.
ഇവർ ഉൾപ്പെടെ 24 കുടുംബങ്ങളാണ് ദുരിതാശ്വാസ ക്യാന്പിൽ അഭയം തേടിയത്. വീട് പൂർണമായും വെള്ളത്തിൽ മുങ്ങിയതോടെ മുഴുവൻ വീട്ടുപകരണങ്ങളും വെള്ളത്തിലായി. ഷിബുവും സഹോദരൻ ഷിജുവും ചേർന്ന് നേരത്തേ മുളകൊണ്ട് ചങ്ങാടം തയാറാക്കിയിരുന്നതിനാൽ ഇടയ്ക്കു വീട്ടിലെത്തി കുട്ടികളുടെ പുസ്തകവും ബാഗും സുരക്ഷിത സ്ഥാനത്തേക്കു മാറ്റാൻ കഴിഞ്ഞതിനാൽ പൂർണമായും നശിച്ചുപോയില്ല.
ക്യാന്പിൽനിന്നു തിരിച്ചെത്തിയ ഇവർ നനഞ്ഞ പുസ്തകവും ബുക്കുമൊക്കെ ഉണക്കിയെടുത്തു. പുതിയ കടലാസ് വാങ്ങി പൊതിഞ്ഞു. അർജുൻ സിഎംഎസ് ഹൈസ്കൂളിലെ ഏഴാം ക്ലാസിലും മീനാക്ഷി സിഎൻഐ എൽപി സ്കൂളിലെ ഒന്നാം ക്ലാസിലുമാണു പഠിക്കുന്നത്. പഠനത്തിൽ മികവ് കാട്ടുന്ന അർജുൻ ചിത്രങ്ങൾ വരയ്ക്കും. ദുരിതാശ്വാസ ക്യാന്പിലെ ക്ലാസ് മുറിയിലുള്ള ബോർഡിൽ വെള്ളം കയറിയ തന്റെ വീട് വരച്ച് ശ്രദ്ധ നേടിയിരുന്നു അർജുൻ.