കോട്ടയം: മന്ത്രി പി.തിലോത്തമൻ ഇന്നലെ കോട്ടയത്തു നയത്തിയ പ്രഖ്യാപനം യാഥാർഥ്യമായാൽ ജനങ്ങൾക്കുണ്ടാകുന്ന ബുദ്ധിമുട്ട് ഏറെ പരിഹരിക്കപ്പെടും. എന്നാൽ മന്ത്രിയുടെ പ്രഖ്യാപനം കേട്ട് വിവിധ ഓഫീസുകളിൽ എത്തുന്പോൾ എന്താകും സ്ഥിതിയെന്ന് അറിയാനിരിക്കുന്നതേയുള്ളു.
പ്രളയത്തിൽ തകരാറിലായ റേഷൻ വിതരണം പൂർവ സ്ഥിതിയിലാക്കുന്നതിന് അടിയന്തര നടപടി സ്വീകരിച്ചതായും അപേക്ഷ ലഭിച്ച് 48 മണിക്കൂറിനകം ഡ്യൂപ്ലിക്കേറ്റ് കാർഡുകൾ ഗുണഭോക്താക്കൾക്ക് നൽകുമെന്നും മന്ത്രി പി. തിലോത്തമൻ പറഞ്ഞു. കോട്ടയം, പത്തനംതിട്ട ജില്ലകളിലെ പൊതുവിതരണം സംബന്ധിച്ച് കോട്ടയം കളക്ടറേറ്റിൽ നടത്തിയ അവലോകന യോഗത്തിൽ പങ്കെടുക്കുന്പോഴാണ് മന്ത്രിയുടെ ഈ പ്രഖ്യാപനം.
മന്ത്രി നടത്തിയ പ്രധാന പ്രഖ്യാപനങ്ങൾ ചുവടെ:
- റേഷൻ കാർഡുകളുടെയും മറ്റു രേഖകളുടെയും വിതരണം വേഗത്തിലാക്കുന്നതിനു താലൂക്ക് തലത്തിൽ അദാലത്ത് നടത്തും.
- പ്രളയക്കെടുതിയുമായി ബന്ധപ്പെട്ട് നഷ്ടപ്പെട്ട രേഖകളുടെ വീണ്ടെടുപ്പ് മാത്രമായിരിക്കും അദാലത്തുകളിൽ പരിഗണിക്കുക.
- റേഷൻ കാർഡുകൾ ലഭിക്കുന്നതിന് ആവശ്യമായ മറ്റു രേഖകൾ ഇവിടെ നൽകേണ്ടതില്ല. അപേക്ഷകരുടെ സത്യവാങ്മൂലവും പൂരിപ്പിച്ച അപേക്ഷയും മാത്രം നൽകിയാൽ മതിയാകും.
- റേഷൻ കാർഡ് നൽകുന്നതുമായി ബന്ധപ്പെട്ട് താലൂക്ക് സപ്ലൈ ഓഫീസുകളിൽ ഹെൽപ് ഡെസ്ക് ആരംഭിക്കും
- പ്രളയബാധിത പ്രദേശങ്ങളിലെ എല്ലാ ജനങ്ങൾക്കും പൊതുവിതരണ ശൃംഖലയിലൂടെ അവശ്യ ഭക്ഷ്യ വസ്തുക്കൾ വിതരണം ചെയ്യും.
- ഒറ്റപ്പെട്ട തുരുത്തുകളിൽ ബോട്ടുകൾ ഉപയോഗിച്ചും റേഷൻ വിതരണം തടസമില്ലാതെ നടത്തും.
- ദുരിത മേഖലകളിലെ മാവേലി സ്റ്റോറുകളിൽ വഴിയും അവശ്യ സാധനങ്ങൾ വില്പന നടത്തുന്നതിന് ക്രമീകരണങ്ങൾ നടത്തും.
- മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വൻതോതിൽ അരി ലഭ്യമാകുന്നുണ്ട്. ഇത് സൂക്ഷിക്കുന്നതിനുള്ള സംവിധാനം ഏർപ്പാടാക്കും. കണക്കെടുക്കുന്പോൾ റേഷൻ കടയുടമകൾ നഷ്ടം പെരുപ്പിച്ച് കാണിച്ചിട്ടില്ലെന്ന് ഉറപ്പു വരുത്തണമെന്നും മന്ത്രി നിർദേശിച്ചു.