പ്രളയബാധിത പ്രദേശത്തെ ശുചീകരണമെന്ന പേരില്‍ കോണ്‍ഗ്രസ് നേതാക്കള്‍ നടത്തിയത് തട്ടിക്കൂട്ട് ഫോട്ടോയെടുക്കല്‍ വിദ്യ, മുണ്ടക്കയത്തെ കോണ്‍ഗ്രസുകാരെ കണക്കിനു പരിഹസിച്ച് എതിരാളികള്‍, ആലപ്പുഴയിലെ ദൃശ്യങ്ങളും വ്യത്യസ്തമല്ല

ഖദറില്‍ ചെളി പറ്റിക്കാന്‍ ഇഷ്ടപ്പെടാത്തവരാണ് കോണ്‍ഗ്രസുകാരെന്ന ധാരണ പൊതുവേ സമൂഹത്തിനുണ്ട്. ഉടയാത്ത ഖദറും വെള്ളമുണ്ടും ധരിച്ച് നേതാക്കള്‍ക്കൊപ്പം ആളാകുന്നവര്‍ക്കിടയില്‍ വ്യത്യസ്തരും ഉണ്ട്. എന്നാല്‍ കോണ്‍ഗ്രസിന് വലിയ നാണക്കേടുണ്ടാക്കുന്ന ഒരു ചിത്രമാണ് മുണ്ടക്കയത്തു നിന്നും വരുന്നത്. കുറച്ചു കോണ്‍ഗ്രസുകാര്‍ പ്രളയബാധിത പ്രദേശ ശൂചീകരണം എന്ന പേരില്‍ നടത്തിയ ഫോട്ടോയെടുപ്പ് വിദ്യയെയാണ് സോഷ്യല്‍മീഡിയ കണക്കിനു പരിഹസിക്കുന്നത്.

മുണ്ടക്കയം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ചതാണ് പരിപാടിയെന്നാണ് സൂചന. നേതാക്കന്മാരെല്ലാം ഫ്‌ളക്‌സ് ബോര്‍ഡിനു പിന്നില്‍ ഫോട്ടോയ്ക്കായി പോസു ചെയ്യുമ്പോള്‍ ഒരു സ്ത്രീ മുന്നില്‍ നിന്ന് ചെളി കോരുന്നത് പോലെ കാണിക്കുന്നതാണ് ചിത്രം. ഈ ചിത്രത്തെ ആധാരമാക്കി ദേശീയ മാധ്യമങ്ങളിലും വാര്‍ത്തകള്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

ആലപ്പുഴയില്‍ നിന്നും സമാനമായ ചിത്രം വന്നിട്ടുണ്ട്. ഡിസിസി ഭാരവാഹികള്‍ ഒരു വീടിനു മുന്നില്‍ ശുചിത്വ ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതാണ് ദൃശ്യം. പല സ്ഥലങ്ങളിലും യുവജന സംഘടനകള്‍ ഒത്തൊരുമയോടെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുമ്പോഴാണ് ഇത്തരത്തില്‍ പത്രത്തില്‍ ഫോട്ടോ വരാനുള്ള ചില നേതാക്കളുടെ പങ്കപ്പാടും.

മുന്‍ എംപിയും സിപിഎം സംസ്ഥാന സമിതി അംഗവുമായി സിഎസ് സുജാതയുടെ ചിത്രങ്ങളും സോഷ്യല്‍മീഡിയയില്‍ വൈറലാണ്. ചെങ്ങന്നൂരില്‍ ശുചീകരണ പ്രവര്‍ത്തനത്തിന് ഇറങ്ങിയ സുജാത നാട്ടുകാര്‍ക്കൊപ്പം നിന്നാണ് പ്രവര്‍ത്തിച്ചത്. മുണ്ടും ദാവണിയും ചുറ്റി തലയില്‍ തുണി കെട്ടി കൈയില്‍ ചൂലുമേന്തി നടക്കുന്ന സുജാതയുടെ ചിത്രങ്ങളാണ് പ്രചരിക്കുന്നത്.

Related posts