സ്വന്തം ലേഖകൻ
തൃശൂർ: ന്റെ വീട്ടില് ദേ ഇത്രേം വെള്ളം വന്നു…അങ്കിള് ബോട്ട് കൊണ്ടന്നാ ഞങ്ങളെ എടുത്തോണ്ട് പോയേ………രണ്ടാം ക്ലാസുകാരി മേരി കൂട്ടുകാരികളോട് പ്രളയത്തെക്കുറിച്ച് പറയുന്പോൾ ബോട്ടിൽ കയറി സന്തോഷമായിരുന്നു മുഖത്ത്.ഹെലികോപ്റ്ററിൽ കയറി പറന്നതിന്റെ ത്രില്ലിലാണ് ചാലക്കുടിയിലെ നീരജ ഇന്ന് ക്ലാസിലെത്തിയത്. വന്നുകയറിയതോടെ നീരജയ്ക്ക് പറയാനുണ്ടായിരുന്നതും പ്രളയകാലത്തെ ആ പറക്കലിനെക്കുറിച്ചായിരുന്നു.
വീടിനകത്തേക്ക് പാന്പുകൾ കയറി വന്നപ്പോൾ പേടിച്ചുവിറച്ച് കരഞ്ഞതാണ് മാളയിലെ നേഹയ്ക്ക് കൂട്ടുകാരി ചിന്നുവിനോട് പറയാനുണ്ടായിരുന്നത്.ഓണാവധിക്കും പ്രളയത്തിനും ശേഷം ഇന്ന് സ്കൂൾ തുറന്ന് കൂട്ടുകാരികളെ കണ്ടപ്പോൾ എല്ലാ കുട്ടികൾക്കും അങ്ങോട്ടുമിങ്ങോട്ടും പറയാനുണ്ടായിരുന്നത് പ്രളയവിശേഷങ്ങൾ മാത്രം.
സാധാരണ ഓണക്കാലത്ത് വിനോദയാത്ര പോയതും കളിച്ചതുമൊക്കെയാണ് കൂട്ടുകാർ തമ്മിൽ പങ്കുവെക്കാറുള്ളതെങ്കിലും ഇത്തവണ കൊച്ചുവർത്തമാനങ്ങളിൽ പോലും നിറഞ്ഞത് പ്രളയം മാത്രം.പ്രളയം കണ്ട ആശങ്ക ചില കുട്ടികൾക്കുണ്ടായിരുന്നു. എങ്കിലും മിക്കവരും സ്കൂളിലേക്ക് തിരിച്ചെത്താൻ കഴിഞ്ഞതിലും കൂട്ടുകാരെ കണ്ടതിന്റെയും ആഹ്ലാദത്തിലായിരുന്നു.
ക്യാന്പുകളിൽ കഴിഞ്ഞതിന്റെ വിശേഷങ്ങളും കുരുന്നുകൾ പരസ്പരം പങ്കിടുന്നുണ്ടായിരുന്നു. ഓണത്തിന് എവിടേയും പോകാൻ കഴിയാത്തതിന്റെ വിഷമങ്ങളായിരുന്നു ആണ്കുട്ടികൾക്കുണ്ടായിരുന്നത്.വെള്ളം കയറാത്ത ബന്ധുവീടുകളിൽ പോയതിന്റെ വിശേഷങ്ങളും കുട്ടികൾക്ക് പറയാനുണ്ടായിരുന്നു.
ഓണാവധിക്കാലത്തും സ്കൂൾ വിട്ട് വീട്ടിലേക്കാൻ പോകാൻ കഴിയാതെ സ്വന്തം സ്കൂളിലെ ദുരിതാശ്വാസ ക്യാന്പിൽ കഴിച്ചുകൂട്ടേണ്ടി വന്നതിന്റെ ബോറടിയും ചിലർ പറഞ്ഞു.രണ്ടാം പ്രവേശനോത്സവം പോലെയാണ് ഇത്തവണ ഓണാവധി കഴിഞ്ഞ് സ്കൂളുകൾ തുറന്നത്.
പ്രളയം തകർത്തെറിഞ്ഞ കേരളത്തിലെ സ്കൂളുകളിലേക്ക് കുട്ടികൾ തിരിച്ചെത്തിയപ്പോൾ അവരെ മധുരപലഹാരങ്ങൾ നൽകിയും പാട്ടുകൾ പാടിയുമാണ് അധ്യാപകരും പിടിഎ ഭാരവാഹികളും മറ്റും വരവേറ്റത്.