കണ്ണൂർ: പിണറായി കൂട്ടക്കൊല കേസിലെ പ്രതി സൗമ്യ ജയിലിനുള്ളിൽ ജീവനൊടുക്കിയ സംഭവത്തിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് ജയിൽ ഡിഐജി എസ്. സന്തോഷ് തെളിവെടുപ്പ് നടത്തി. കണ്ണൂർ സെൻട്രൽ ജയിലിന്റെ പരിസരങ്ങളിലാണ് തെളിവെടുപ്പ്; സംഭവ സമയം ഡ്യൂട്ടിയിലുണ്ടായിരുന്നവർക്കെതിരേ നടപടിക്ക് സാധ്യത
സംഭവത്തെക്കുറിച്ച് അന്വേഷിച്ച റീജണൽ വെൽഫെയർ ഓഫീസർ കെ.വി. മുകേഷ് കഴിഞ്ഞദിവസം ഡിഐജിക്ക് റിപ്പോർട്ട് കൈമാറിയിരുന്നു. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഇന്ന് തെളിവെടുപ്പ് നടത്തുന്നത്. സംഭവസമയം ഉദ്യോഗസ്ഥരടക്കം നാലു ജീവനക്കാരാണ് ഡ്യൂട്ടിയിൽ ഉണ്ടായിരുന്നത്. ഇവർക്കെതിരേ നടപടിയുണ്ടാകുമെന്നാണ് സുചന.
ജയിൽ സൂപ്രണ്ട്. കെ. ശകുന്തള അവധിയിലായിരുന്നതിനാൽ അസിസ്റ്റന്റ് സൂപ്രണ്ട് കെ. രമയ്ക്കായിരുന്നു ചുമതല. കണ്ണൂർ വനിതാ ജയിലിൽ 20 തടവുകാർക്കായി 23 ജീവനക്കാരുണ്ട്. മുന്പും ആത്മഹത്യാ പ്രേരണ കാണിച്ചിട്ടുള്ള സൗമ്യ ജയിലിനുള്ളിൽ തൂങ്ങി മരിച്ചത് സുരക്ഷാ വീഴ്ചയാണെന്ന വിമർശനം ഉയർന്നിട്ടുണ്ട്. കൂട്ടക്കൊലക്കേസിലെ പ്രതിയായിട്ടും ജയിൽ ഉദ്യോഗസ്ഥർ മതിയായ ശ്രദ്ധ കൊടുത്തില്ലെന്നാണ് ആക്ഷേപം.
കൊലക്കേസ് പ്രതികളെ പുറം ജോലിക്ക് നിയോഗിക്കുന്പോൾ പുലർത്തേണ്ട ജാഗ്രത സൗമ്യയുടെ കാര്യത്തിൽ ഉണ്ടായില്ലെന്ന് ജയിൽ ഉദ്യോഗസ്ഥർ തന്നെ ചൂണ്ടിക്കാട്ടുന്നു. സെല്ലിനു പുറത്ത് തടവുകാരെ ജോലിക്കു വിടുന്പോൾ ഉദ്യോഗസ്ഥർ ഒപ്പമുണ്ടാകണമെന്നാണു ചട്ടം.
എന്നാൽ ജോലിസ്ഥലത്തു നിന്നും സൗമ്യയെ കാണാതായ വിവരം ഉദ്യോഗസ്ഥർ അറിയുന്നത് മരക്കൊന്പിൽ തുങ്ങി മരിച്ച ശേഷമാണ്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് സൗമ്യയെ ജയിൽ വളപ്പിലുള്ള കശുമാവിൻ മരത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.