പാലക്കാട്: പ്രളയം ബാധിച്ച് ഇത്ര ദിവസമായിട്ടും ശുചീകരണം നടക്കാതെ കിടന്നിരുന്ന അകത്തേതറ പഞ്ചായത്തിലെ ആണ്ടിമഠം ആംഗൻവാടി ചിറ്റൂർ കോളേജ് എൻ. എസ്. എസ്. യൂണിറ്റുകൾ ശുചീകരിച്ചു.വെള്ളം കേറി ഒരടിയോളം ചെളി അടിഞ്ഞു കിടന്നിരുന്ന നിലയിലായിരുന്നു കെട്ടിടം. വില്ലേജ് ഓഫീസറും ആംഗൻവാടി അധികൃതരും അറിയിച്ചതിനെ തുടർന്നാണ് എൻ. എസ്. എസ്. പ്രോഗ്രാം ഓഫീസർമാരുടെ നേതൃത്വത്തിൽ വോളണ്ടിയർമാർ എത്തിയത്.
രാവിലെ മുതൽ വൈകുന്നേരം വരെയുള്ള ശ്രമദാനത്തിലൂടെയാണ് വോളണ്ടിയമാർക്ക് കെട്ടിടം വീണ്ടെടുക്കാനായത്. ചെളിപിടിച്ചിരുന്ന അറുപതോളം ചെയറുകളും, മേശ, ബഞ്ചുകൾ, അലമാരകൾ, പാത്രങ്ങൾ തുടങ്ങിയവ പൂർണമായും ഉപയോഗപ്രദമാക്കി. എൻ. എസ്. എസ്. ജില്ലാ കോ-ഓർഡിനേറ്റർ കെ. പ്രദീഷ്, പ്രോഗ്രാം ഓഫീസർ സി. ജയന്തി എന്നിവർ നേതൃത്വം നൽകി.
പാലക്കാട്ടെ പ്രളയം ബാധിച്ച വീടുകൾ ശുചീകരിച്ച് വീണ്ടെടുക്കുന്ന പ്രവർത്തികളിൽ സജീവമാണ് ചിറ്റൂർ കോളേജ് എൻ. എസ്.എസ്. യൂണിറ്റുകൾ. പാലക്കാട്ടെ ഏറ്റവുമധികം പ്രളയം ബാധിക്കപ്പെട്ട ചുണ്ണാന്പുതറ സുന്ദരം കോളനി, മലന്പുഴ അണ്ടിമഠം പുഴയോരം കോളനി, കല്പാത്തി തോണിപ്പാളയം, കൊല്ലങ്കോട് ആലംപള്ളം വി. പി. തറ തുടങ്ങിയ സ്ഥലങ്ങളിലെ നൂറോളം വീടുകൾ ഇവർ ഇതുവരെ ശുചീകരിച്ചിട്ടുണ്ട്.
ഓണാഘോഷങ്ങൾ മാറ്റിവെച്ച് ഇവരുടെ പ്രവർത്തനം ഈ ഒഴിവുകാലത്തും തുടർന്നുകൊണ്ടിരുന്നുഎൻ. എസ്. എസ്. പ്രോഗ്രാം ഓഫീസറും ജില്ലാ കോഓർഡിനേറ്ററുമായ കെ.പ്രദീഷ്, പ്രോഗ്രാം ഓഫീസർ സി. ജയന്തി എന്നിവരുടെ നേതൃത്ത്വത്തിൽ ക്യാന്പുകൾ സന്ദർശിച്ച് അവിടത്തെ ആളുകൾക്ക് പുതിയ വസ്ത്രങ്ങൾ, ആഹാര സാധനങ്ങൾ എന്നിവ പല തവണയായി നൽകുകയും ചെയ്തിരുന്നു.
കൂടാതെ പാലക്കാട് ഇൻഡോർ സ്റ്റേഡിയം, പാലക്കാട് താലൂക് ഓഫീസ് തുടങ്ങിയ ശേഖരണ സ്ഥലങ്ങളിലും വളണ്ടിയർമാർ സജീവമായിരുന്നു.മഴയൊതുങ്ങി വീടുകളിൽ നിന്നും വെള്ളം ഒഴിഞ്ഞ ശേഷമാണ് വീട്ടുകാർക്ക് അവരുടെ പുനരധിവാസത്തിന് വീട് ശുചീകരിക്കലിലേക്ക് വിദ്യാർഥികൾ ഇറങ്ങിയത്.
തുടക്കത്തിൽ ആണ്ടിമഠത്തെ പുഴയോരം കോളനിയിലെ പത്തിലേറെ വീടുകൾ ശുചീകരിക്കുകയുണ്ടായി. തുടർന്ന് രണ്ടു ഘട്ടങ്ങളിലിയായി പാലക്കാട് ചുണ്ണാന്പ്തറ സുന്ദരം കോളനിയിലെ നാൽപ്പതിലധികം വീടുകൾ ശുചീകരിച്ചു. പിന്നീട് രണ്ട് ദിവസങ്ങളിലായി നൂറോളം വളണ്ടിയർമാരെ പങ്കെടുപ്പിച്ച് കൊല്ലങ്കോട്, വടവന്നൂർ, ആലംപള്ളം വി. പി. തറയിലെ ഇരുപതോളം വീടുകൾ വൃത്തിയാക്കി.
പിന്നീട് കൽപ്പാത്തി തോണിപാളയത്തെ പത്തിലധികം വീടുകൾ ശുചീകരിച്ചു. കളക്ടറേറ്റിൽനിന്നും അതാത് പ്രദേശങ്ങളിലെ വില്ലേജ് ഓഫീസർമാരിൽനിന്നുമുള്ള അനുമതിയോടുകൂടിയാണ് ഓരോ സ്ഥലത്തെ വീടുകളും ശുചീകരിച്ചത്. ഇവരുടെ പ്രവർത്തനങ്ങൾക്ക് പ്രോത്സാഹനം നൽകിയിരുന്നു.
തുടർന്നുള്ള ദിവസങ്ങളിൽ വെള്ളപ്പൊക്ക പ്രദേശങ്ങൾ കേന്ദ്രീകരിച്ച് നഷ്ടങ്ങളുടെ കണക്കെടുപ്പ്, സർക്കാർ ദുരിതാശ്വാസ പദ്ധതികളെക്കുറിച്ച് പ്രളയബാധിതരെ ബോധവൽക്കരിക്കൽ, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിൽ പണം നിക്ഷേപിക്കുന്നതിലേക്കുള്ള പൊതുജന ബോധവൽക്കരണം, രോഗീപരിചരണം, ശുചിത്വ ബോധവൽക്കരണം തുടങ്ങിയവയും നടത്തും.