ചാത്തന്നൂർ: മദ്യപിച്ച് വാഹനം ഒാടിച്ച കേസിൽ പിടികൂടിയ വാഹനം കൈക്കൂലി വാങ്ങി വിട്ടുനല്‍കിയ പോലീസുകാരനെ സിറ്റിപൊലീസ് കമ്മിഷണർ സസ്പെൻഡ് ചെയ്തു.പാരിപ്പള്ളി പോലീസ് സ്റ്റേഷനിലെ എസ് സിപിഒ പരവൂർ സ്വദേശി ദിലീപിനെയാണ് സസ്പെൻഡ് ചെയ്തത്.
പാരിപ്പള്ളി മടത്തറ ഒാട്ടോ സ്റ്റാന്റിലെ ഡ്രൈവറായ ബിജുവിനെ വാഹനം ഉൾപ്പെടെ കഴിഞ്ഞ 16ന് ആണ് പാരിപ്പള്ളി എസ്ഐ രാജേഷ് പിടികൂടി തുടർനടപടികൾക്കായി ദിലീപിന് കൈമാറിയത്.ലൈസൻസ് റദ്ദ്ചെയ്ത് വാഹനം കോടതിയിൽ ഹാജരാക്കാനായിരുന്നു നിർദ്ദേശം നല്‍കിയിരുന്നത്.
എന്നാൽ രണ്ട് ദിവസം കഴിഞ്ഞ് സ്റ്റേഷൻവളപ്പിൽ നിന്ന് ഒാട്ടോ കാണാതായത് അന്വേഷിച്ചപ്പോഴാണ് എസ്ഐയുടെ വ്യാജ ഒപ്പിട്ട് കൈക്കൂലി വാങ്ങി വാഹനം വിട്ടുകൊടുത്തത് അറിഞ്ഞത്. തുടർന്ന് വ്യാജ ഒപ്പിട്ടതിന് ഇയാൾക്കെതിരെ ജാമ്യമില്ലാവകുപ്പുപ്രകാരം കേസെടുക്കുകയും സസ്പെൻഡ് ചെയ്യുകയുമായിരുന്നു.പ്രതി ഒളിവിലാണ്.