മകളെ വിവാഹം കഴിക്കുന്നതായി ദര്‍ശനം കിട്ടിയെന്ന് അബ്ദുറഹ്മാന്‍, സിദ്ധനെ വിശ്വസിച്ച് യുവതിയും മൂന്നു മക്കളും ഒളിച്ചോടി, തിരുവനന്തപുരത്ത് താമസിക്കുന്നതിനിടെ അമ്മയ്ക്കും മകള്‍ക്കും പീഡനം, കൊണ്ടോട്ടിയിലെ പീഡനവീരന്‍ അകത്തായത് ഇങ്ങനെ

വീട്ടമ്മയേയും മൂന്നു മക്കളെയും 20 ദിവസത്തോളം കാണാതായ സംഭവത്തില്‍ വ്യാജ സിദ്ധന്‍ അറസ്റ്റില്‍. പുളിയംപറമ്പ് പൂക്കുലക്കണ്ടി ബൈത്തുനൂറഹ്മത്ത് എം.കെ. അബ്ദുറഹ്മാന്‍ തങ്ങള്‍ (36) ആണ് പോലീസ് പിടിയിലായത്.

വീട്ടമ്മയേയും 17, ആറ്, നാല് വയസുള്ള പെണ്‍കുട്ടികളെയും ഏപ്രില്‍ 30 മുതല്‍ മേയ് 21 വരെയാണ് കാണാതായത്. സിദ്ധിയുണ്ടെന്നു തെറ്റിദ്ധരിപ്പിച്ച് വിളിച്ചിറക്കി കൊണ്ടുപോയി പീഡിപ്പിച്ചതായി പോലീസിന് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഒളിവിലായിരുന്ന ഇയാളെ അറസ്റ്റ് ചെയ്തത്.

പുളിയംപറമ്പിലാണ് അബ്ദുറഹ്മാന്‍ തങ്ങള്‍ സകുടുംബം താമസിക്കുന്നത്. വീട്ടില്‍ ആത്മീയചികിത്സയും പ്രാര്‍ഥനയും നടത്തിയിരുന്നു. ഈ സമയത്താണ് വയറുവേദനയ്ക്ക് ചികിത്സ തേടി വീട്ടമ്മ ഇയാളെ സമീപിച്ചത്. ആത്മീയ സിദ്ധിയുണ്ടെന്നു പറഞ്ഞു വിശ്വസിപ്പിച്ച ഇയാള്‍ പിന്നീട് വീട്ടമ്മയുടെ വീട്ടില്‍ നിത്യസന്ദര്‍ശകനായി.

വീട്ടമ്മയുടെ 17 വയസുള്ള മകളെ വിവാഹം കഴിക്കുന്നതായി ദിവ്യസ്വപ്നദര്‍ശനം ലഭിച്ചിട്ടുണ്ടെന്ന് പറഞ്ഞാണ് ഏപ്രില്‍ 30ന് നാലുപേരെയും വീട്ടില്‍ നിന്നു കൊണ്ടുപോയത്. യുവതിയുടെ ഭര്‍ത്താവ് ഗള്‍ഫിലായിരുന്നു.

തിരുവനന്തപുരം ഇന്‍ഫോപാര്‍ക്ക് ജീവനക്കാരനായ അനുയായിയുടെ സഹായത്തോടെയാണ് ഇവരെ കടത്തിക്കൊണ്ടുപോയത്. ഒളിവില്‍ താമസിപ്പിച്ച കാലയളവില്‍ സിദ്ധനും അനുയായിയും യുവതിയേയും പ്രായപൂര്‍ത്തിയാകാത്ത മകളേയും പീഡിപ്പിച്ചതായി പരാതിയിലുണ്ട്.

സിദ്ധനെ അനുസരിച്ചില്ലെങ്കില്‍ യുവതിയുടെ ഭര്‍ത്താവിന്റെ ബിസിനസ് നഷ്ടത്തിലാവുമെന്നും യുവതിക്ക് മാറാരോഗങ്ങള്‍ വരുമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തിയാണ് ഇയാള്‍ വീട്ടമ്മയെ വരുതിയിലാക്കിയത്.

ഇവരെ കാണാതായ സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയതോടെ മേയ് 21ന് വീട്ടമ്മയേയും മക്കളേയും ട്രെയിനില്‍ കോഴിക്കോട്ട് എത്തിച്ചു. പീഡന വിവരങ്ങള്‍ പുറത്തു പറഞ്ഞാല്‍ അബ്ദുറഹ്മാന്‍ തങ്ങളുടെ സിദ്ധി മൂലം വലിയ ആപത്തുകള്‍ വരുമെന്നു പേടിച്ച് യുവതിയും കുടുംബവും നാട്ടിലെത്തിയിട്ടും പോലീസിനോട് വിവരങ്ങള്‍ തുറന്നു പറഞ്ഞിരുന്നില്ല.

പോലീസ് അന്വേഷണത്തില്‍ സിദ്ധനെ കുറിച്ച് സംശയം ബലപ്പെട്ടപ്പോള്‍ ഇവരെ കൂടുതല്‍ ചോദ്യംചെയ്തതോടെയാണ് ക്രൂരത പുറംലോകമറിഞ്ഞത്. പോലീസ് പിടിയിലാകുമെന്നായപ്പോള്‍ നാടുവിട്ട അബ്ദുറഹ്മാന്‍ തങ്ങള്‍ അജ്മീര്‍, നാഗൂര്‍, മുത്തുപ്പേട്ട, ബംഗളൂരു, കാസര്‍ഗോഡ്, കൊല്ലം തുടങ്ങിയ സ്ഥലങ്ങളില്‍ ഒളിവില്‍ കഴിയുകയായിരുന്നു. മൊബൈല്‍ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ തൈത്തോടത്തുള്ള വീട്ടില്‍ എത്തിയതായി അറിഞ്ഞാണ് പോലീസ് ഇയാളെ പിടികൂടിയത്.

നിരവധി സ്ത്രീകളെ ഇയാള്‍ ചൂഷണം ചെയ്തിട്ടുണ്ടെന്ന് പോലീസ് സംശയിക്കുന്നു. ഇയാള്‍ക്കെതിരേ സ്ത്രീ പീഡനം തട്ടിക്കൊണ്ടുപോകല്‍, മനുഷ്യക്കടത്ത്, പോക്‌സോ നിയമങ്ങള്‍ പ്രകാരം കേസെടുത്തതായി ഡിവൈഎസ്പി ജലീല്‍ തോട്ടത്തില്‍ പറഞ്ഞു.

കൂട്ടാളിയെ പോലീസ് തെരയുന്നു. വീടിനോട് ചേര്‍ന്ന് പള്ളി നിര്‍മാണത്തിനുള്ള തയാറെടുപ്പിലായിരുന്നു പ്രതി. 2016ല്‍ മറ്റൊരു യുവതിയെ പീഡിപ്പിക്കുകയും നഗ്‌നചിത്രങ്ങള്‍ ചിത്രീകരിക്കുകയും ചെയ്ത കേസില്‍ പോലീസ് അന്വേഷണം നടക്കുന്നുണ്ട്.

Related posts