വിവാദപരമായ പ്രസ്താവനകളിലൂടെ മാധ്യമങ്ങളില്‍ ഇടംനേടിയ ആളാണ് ത്രിപുര മുഖ്യമന്ത്രി ബിപ്ലബ്കുമാര്‍ ദേവ്. താറാവുകള്‍ വെളളത്തില്‍ സഞ്ചരിക്കുമ്പോള്‍ വെള്ളത്തിലെ ഓക്സിജന്റെ അളവ് വര്‍ധിക്കുമെന്നാണ് ഏറ്റവും അവസാനം അദേഹത്തിന്റേതായി വൈറലായ വാക്കുകള്‍.
ആനമണ്ടത്തരമെന്ന് പലരും ഇതിനെ വിശേഷിപ്പിച്ചു. ഇങ്ങനെ ചിരിപ്പിക്കല്ലേയെന്നായിരുന്നു മറ്റു ചിലരുടെ പ്രതികരണം. എന്നാല്‍ ബിപ്ലബിന്റെ വാക്കുകള്‍ പൂര്‍ണമായും ശരിയാണെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്.
രുദ്രസാഗര്‍ തടാകത്തില്‍ നടന്ന വള്ളംകളി മത്സരം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുമ്പോഴാണ് താറാവ് പരാമര്‍ശം അദേഹം നടത്തിയത്. താറാവുകളെയും കോഴികളെയും വളര്‍ത്തുന്നത് ഗ്രാമീണ സംസ്കാരത്തിന്റെ ഭാഗമായിരുന്നു. എന്നാല്‍ കഴിഞ്ഞ 25 വര്‍ഷത്തോളമായി ഈ സംസ്കാരം ഇല്ലാതായിരിക്കുകയാണ്.
ഒരു വീട്ടില്‍ അഞ്ച് താറാവുകളെയെങ്കിലും വളര്‍ത്തണം. ഇതിലൂടെ കുട്ടികള്‍ക്ക് കൂടുതലായി പോഷകാംശങ്ങള്‍ ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. താറാവുകള്‍ വെള്ളത്തില്‍ ഓക്സിജന്റെ അളവു വര്‍ധിപ്പിക്കുമെന്ന വാക്കുകളെക്കുറിച്ച് ശാസ്ത്രജ്ഞര്‍ പറയുന്നതിങ്ങനെ-
ജൈവിക വായു നിറയ്ക്കലുകാര്’ എന്നു തന്നെയാണ് താറാവുകള്‍ അറിയപ്പെടുന്നത്. വെള്ളത്തില്‍ നീന്തുമ്പോള്‍ വെള്ളത്തിലേക്ക് വായു നിറയ്ക്കുന്നുണ്ട് താറാവുകള്‍. അതുകൊണ്ടു തന്നെയാണ് താറാവുകള്‍ ഈ പേരില്‍ അറിയപ്പെടുന്നതും.
പ്രകൃതിദത്തമായ വായു നിറയ്ക്കലുകാരാണ് താറാവുകള്‍. വെള്ളത്തില്‍ നീന്തുമ്പോള്‍ വെള്ളത്തിലെ ഓക്സിജന്റെ അളവ് അവ മെച്ചപ്പെടുത്തുമെന്നും ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് ഫോറസ്ട്രി റിസര്‍ച്ച് ആന്‍ഡ് എജ്യുക്കേഷനിലെ ശാസ്ത്രജ്ഞനായ ദെബ്ബര്‍മ പറഞ്ഞു.
താറാവിന്റെ കാഷ്ഠം മത്സ്യങ്ങളുടെ വളര്‍ച്ചയ്ക്ക് കാരണമാകുമെന്നും അദ്ദേഹം വ്യക്തമാക്കി. ഏതായാലും ഇത്തവണ ബിപ്ലബ് പറഞ്ഞത് കാര്യമാണെന്ന് തെളിഞ്ഞിരിക്കുകയാണ്. ബിപ്ലബ് എന്തു പറഞ്ഞാലും മണ്ടത്തരമെന്ന് ആക്ഷേപിക്കുന്നത് നിര്‍ത്തേണ്ടി വരുമെന്നു ചുരുക്കം.