സര്‍ക്കാര്‍ സഹായം പേരിനു പോലുമില്ല, എന്നിട്ടും നാട്ടുകാര്‍ എല്ലാം കൂടി റോഡും വീടുകളും നന്നാക്കി, അതിജീവനത്തിന്റെ പുതിയ പാത വെട്ടിത്തുറന്ന ഇടുക്കിയിലെ ഒരു ഗ്രാമത്തെപ്പറ്റി യുവതിയുടെ പോസ്റ്റ് വൈറല്‍

മഹാപ്രളയത്തില്‍ എല്ലാം നഷ്ടപ്പെട്ട അവസ്ഥയിലാണ് ഇടുക്കിക്കാര്‍. റോഡുകളും പാലങ്ങളും തകര്‍ന്നടിഞ്ഞു. വീടുകളുടെ സ്ഥിതിയും വ്യത്യസ്തമല്ല. പലയിടത്തും ഇതുവരെ വൈദ്യുതി പോലും എത്തിയിട്ടില്ല. ആഴ്ചകളായി ക്യാംപില്‍ കഴിഞ്ഞവര്‍ പലരും പാതിയൊലിച്ചു പോയ വീടുകളിലേക്ക് മടങ്ങി. ഈ അവസ്ഥയിലും കാടിനോടും മേടിനോടും പടവെട്ടി ജീവിത വിജയം നേടിയ ഇടുക്കിയിലെ മനുഷ്യര്‍ അതിജീവനത്തിനായി പൊരുതുകയാണ്.

ഇടുക്കി വാത്തിക്കുടി പഞ്ചായത്തിലെ ഒരുകുട്ടം ആളുകള്‍ സര്‍ക്കാര്‍ സഹായമില്ലാതെ തങ്ങളുടെ സ്ഥലത്തേക്കുള്ള റോഡും അവിടുത്തെ വീടുകളും പുനസ്ഥാപിക്കുന്നതിന്റെ നേര്‍ചിത്രം ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുകയാണ്. ടിന്‍സി കാവുങ്കല്‍ എന്ന യുവതിയാണ് തന്റെ നാട്ടിലെ അവസ്ഥ ഫേസ്ബുക്കിലൂടെ ലോകത്തെ അറിയിച്ചത്.

മുരിക്കാശേരി ടൗണില്‍ നിന്ന് ആറുകിലോമീറ്റര്‍ അകലെയുള്ള പെരിയാര്‍വാലി ചപ്പാത്തിലെ ആളുകളാണ് സര്‍ക്കാര്‍ സഹായത്തിന് കാത്തുനില്ക്കാതെ തകര്‍ന്നടിഞ്ഞ റോഡുകള്‍ നന്നാക്കാന്‍ ഒന്നിച്ചിറങ്ങിയത്. രണ്ടു കിലോമീറ്ററുകളോളം സ്ഥലം തുടര്‍ച്ചയായി ഇടിയുകയും ചെറുവാഹനങ്ങള്‍ പോലും പോകാത്ത അവസ്ഥയിലുമായിരുന്നു റോഡ്. മറുകരയുമായി ബന്ധപ്പെടാന്‍ സഹായിച്ചിരുന്ന പെരിയാറിനു കുറുകെയുള്ള പാലവും വെള്ളപ്പാച്ചിലില്‍ തകര്‍ന്നടിഞ്ഞു. ഇപ്പോള്‍ എല്ലാം ഒന്നില്‍ നിന്നു തുടങ്ങുകയാണ് ഈ നാട്ടുകാര്‍.

Related posts