ചേർത്തല: തണ്ണീർമുക്കം ബണ്ടിലെ കോടിക്കണക്കിന് വിലയുള്ള മണലിന്റെ അവകാശത്തെ ചൊല്ലിയുള്ള തർക്കം ഹൈക്കോടതിയിൽ. മണൽ നിസാര തുകയ്ക്ക് കരാറുകാരന് നൽകാനുള്ള സർക്കാരിന്റെ തീരുമാനത്തെ ചോദ്യം ചെയ്ത് കോണ്ഗ്രസ് ചേർത്തല ബ്ലോക്ക് കമ്മറ്റി പ്രസിഡന്റ് സി.വി. തോമസ് ആണ് പൊതുതാത്പര്യ ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചത്.
ഹർജി പരിഗണിച്ച കോടതി എതിർകക്ഷികൾക്ക് നോട്ടീസ് അയയ്ക്കാൻ ചീഫ് ജസ്റ്റീസ് അധ്യക്ഷനായുള്ള ഡിവിഷൻ ബഞ്ച് ഉത്തരവായി. 25 കോടി രൂപയിൽ കൂടുതൽ വിലയുള്ള മണ്ണ് ബണ്ടുനിർമാണത്തിന്റെ ഭാഗമായുള്ള വേസ്റ്റ് ആണെന്ന് രേഖകളിൽ കാണിച്ച് 65 ലക്ഷം രൂപയ്ക്ക് നിലവിലെ കരാറുകാരന് നൽകാനുള്ള ഇറിഗേഷൻ ഡിപ്പാർട്ട്മെന്റിന്റെ നടപടിക്ക് സർക്കാർ കൂട്ടുനിൽക്കുന്നുവെന്നാണ് ഹർജിയിലെ പ്രധാന ആരോപണം.
തണ്ണീർമുക്കം ബണ്ടിലെ മണൽ പൊതുസ്വത്താണെന്നും അത് പരസ്യമായി ലേലം ചെയ്യണമെന്നും തണ്ണീർമുക്കം പഞ്ചായത്തിലെയും, ചേർത്തല താലൂക്കിലെയും താഴ്ന്ന പ്രദേശങ്ങളിൽ പ്രസ്തുത മണൽ സർക്കാർ ചിലവിൽ വിന്യസിക്കണമെന്നുമാണ് ഹർജിയിലെ പ്രധാന ആവശ്യം.