ആലപ്പുഴ: പ്രളയദുരന്തത്തിൽ രക്ഷാപ്രവർത്തനം നടത്തിയ മത്സ്യത്തൊഴിലാളികളെ ആദരിക്കുന്ന പരിപാടിയിൽ രാഷ്ട്രീയ വത്കരിച്ചെന്നാക്ഷേപം. ദുരന്തമുഖത്ത് സേവന പ്രവർത്തനം നടത്തിയവർക്കു പകരം അനർഹരായവരെ രാഷ്ട്രീയ താത്പര്യത്തിന്റെ പുറത്തു ആദരിച്ചെന്നാണ് ധീവരസഭയുടെ ആക്ഷേപം. സംസ്ഥാന സർക്കാരിന്റെ മത്സ്യത്തൊഴിലാളികളെ ആദരിച്ചതിൽ പ്രതിഷേധിച്ച് ധീവരസഭ ചടങ്ങ് ബഹിഷ്കരിക്കുകയും കനകക്കുന്ന് സംസ്ഥാന സർക്കാർ പരിപാടി നടത്തിയ സമയത്ത് കരുനാഗപ്പള്ളിയിൽ പ്രതിഷേധ പ്രകടനവും നടത്തി.
പ്രളയദുരന്തമുണ്ടായ 16നു രാവിലെ ഏഴുമുതൽ ധീവരസഭ നേതൃത്വത്തിൽ മത്സ്യത്തൊഴിലാളികൾ വള്ളങ്ങളുമായി രക്ഷാപ്രവർത്തനം ആരംഭിച്ചിരുന്നു. തൃശൂർ, ആലപ്പുഴ, പത്തനംതിട്ട കളക്ടർമാരുടെ അനുമതി നേടിയ ശേഷമായിരുന്നു മത്സ്യത്തൊഴിലാളികൾ ആദ്യഘട്ടത്തിൽ 41 വള്ളങ്ങളുമായി ദുരന്തമേഖലയിൽ രക്ഷാപ്രവർത്തനം നടത്തിയത്. പിന്നീട് വിവിധ ജില്ലകളിൽ നിന്നും 278 വള്ളങ്ങളാണ് ധീവരസഭയുടെ നേതൃത്വത്തിൽ ദുരന്തമുഖത്തെത്തിച്ച് രക്ഷാപ്രവർത്തനം നടത്തിയത്.
ആദ്യഘട്ടത്തിൽ വള്ളങ്ങൾക്കു മണ്ണെണ്ണ ലഭ്യമാക്കണമെന്നാവശ്യപ്പെട്ടപ്പോൾ നിഷേധാത്മക സമീപനമാണ് സിവിൽ സപ്ലൈസ് മന്ത്രിയടക്കമുള്ളവർ സ്വീകരിച്ചത്. തുടർന്ന് സ്വകാര്യ വ്യക്തികൾ നൽകിയ മണ്ണെണ്ണ ഉപയോഗിച്ചാണ് വള്ളങ്ങൾ രക്ഷാപ്രവർത്തനം നടത്തിയത്. 20നാണ് ഫിഷറീസ് വകുപ്പ് കണ്ട്രോൾ റൂം അടക്കമുള്ള സംവിധാനങ്ങളാരംഭിച്ചത്. 15നു വള്ളങ്ങൾ രക്ഷാപ്രവർത്തനത്തിനിറക്കിയെന്നും ഫിഷറീസ് വകുപ്പിന്റെ കീഴിൽ കണ്ട്രോൾ റൂമുകൾ ആരംഭിച്ചുവെന്നുള്ള വകുപ്പുമന്ത്രിയുടെ പ്രസ്താവന വസ്തുതാ വിരുദ്ധമാണ്.
16 മുതൽ രക്ഷാപ്രവർത്തനത്തിനിറങ്ങിയ മത്സ്യത്തൊഴിലാളികളിൽ പലരും സർക്കാർ കണക്കിൽ രക്ഷാപ്രവർത്തനം നടത്തിയിട്ടില്ലെയന്ന രീതിയിലാണ് രേഖകൾ ഫിഷറീസ് വകുപ്പിന്റെ നിർദേശം ലഭിക്കാതെ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്ത വള്ളങ്ങളെയും മത്സ്യത്തൊഴിലാളികളെയും അംഗീകരിക്കില്ലെന്ന നിലപാടാണ് ബന്ധപ്പെട്ടവർ സ്വീകരിച്ചിരിക്കുന്നത്. രക്ഷാപ്രവർത്തനത്തിനിറങ്ങിയ വള്ളങ്ങളിൽ പലതിനും കാര്യമായ കേടുപാടുകൾ ഉണ്ടായിട്ടുണ്ട്.
രക്ഷാപ്രവർത്തനത്തിനു വള്ളങ്ങളുമായി പോയ വകയിലുണ്ടായ വാഹനചെലവും ഇന്ധനചെലവും മത്സ്യബന്ധന ഉപകരണങ്ങളുടെ നഷ്ടപരിഹാരവും നൽകാൻ സർക്കാർ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രക്ഷാപ്രവർത്തനത്തിലേർപ്പെട്ട മത്സ്യബന്ധന തൊഴിലാളികൾക്കു മുഖ്യമന്ത്രി പ്രഖ്യാപിച്ച തുക ദുരിതാശ്വാസ നിധിയിലേക്ക് കൈമാറാൻ ധീവര സഭ തീരുമാനിച്ചതായും അദ്ദേഹം പറഞ്ഞു. ധീവസഭ ജില്ലാ പ്രസിഡന്റ് പി.ജി. സുഗുണനും പത്രസമ്മേളനത്തിൽ പങ്കെടുത്തു.