കടുത്തുരുത്തി: വഴിയരികിൽ കൂട് കൂട്ടിയിരിക്കുന്ന കടന്നൽ കൂട് നാട്ടുകാർക്ക് അപകട ഭീഷ ണി ഉയർത്തുന്നു. കടുത്തുരുത്തിയിൽ വാട്ടർ അഥോറിറ്റിയുടെ പുതിയ കെട്ടിടം നിർമിക്കുന്ന സ്ഥലത്തിന് സമീപമാണ് കടന്നൽകൂടുള്ളത്. ഞരളിക്കോട്ടയിൽ ജോസിന്റെ പറന്പിലാണ് കടന്നൽകൂട് കണ്ടെത്തിയത്.
വലുപ്പമുള്ള കൂട് കാറ്റിലും മഴയത്തും ആടിയുലയന്നത് അപകട ഭീഷണി ഉയർത്തുകയാണ്. മഠത്തിക്കുന്നേൽ പ്രദീപിന്റെ വീട്ടിലേക്കുള്ള നടപ്പുവഴിയിലാണ് ഇവയുടെ കൂട് സ്ഥിതി ചെയ്യുന്നത്. പത്തോളം വീട്ടുകാരാണ് സമീപത്ത് താമസിക്കുന്നത്. കുട്ടികളടക്കമുള്ളവർ നടന്നു പോകുന്ന വഴിയിൽ നിന്നും വലിയ ഉയരത്തിലല്ലാതെയാണ് കടന്നലിന്റെ കൂട് സ്ഥിതി ചെയ്യുന്നത്.
പലപ്പോഴും ഇവ ആളുകളുടെ സമീപത്ത് കൂടി പറന്നു പോകുന്നതും കാണാമെന്ന് സമീപവാസികൾ പറയുന്നു. മങ്ങാട് കുഴിവേലിൽ ബേബിയുടെ പുരയിടത്തിലും സമാനരീതിയിൽ കടന്നൽ കൂട് കണ്ടെത്തിയിരുന്നു. കാറ്റിൽ കൂട് താഴേക്കു വീണെങ്കിലും വീട്ടുകാർ കണ്ടതിനാൽ ഉടൻതന്നെ കൂടിന് മുകളിൽ ഉരുളി കമിഴ്ത്തിയതിന് ശേഷം തുണിയും ചാക്കും മുകളിൽ കൂട്ടിയിട്ട ശേഷം പെട്രോൾ ഒഴിച്ചു കത്തിച്ചാണ് ഇവയെ നശിപ്പിച്ചത്.
അപകട ഭീഷണി ഉയർത്തുന്ന കടന്നൽ കൂട് നശിപ്പിക്കാൻ ഫയർഫോഴ്സിന്റെ സഹായം തേടിയിരിക്കകുയാണ് നാട്ടുകാർ.