ബിജോ ടോമി
കൊച്ചി: പ്രളയത്തിൽ പാഠപുസ്തകങ്ങൾ നഷ്ടപ്പെട്ട വിദ്യാർഥികൾക്കുള്ള പുസ്തക അച്ചടി 60 ശതമാനം പൂർത്തിയായി. ആകെ 65 ലക്ഷം പുസ്തകങ്ങൾ അച്ചടിക്കുന്നതിനാണ് സർക്കാർ എറണാകുളം കാക്കനാട് ആസ്ഥാനമായി പ്രവർത്തിക്കുന്ന കേരള ബുക്സ് ആൻഡ് പബ്ലിക്കേഷൻസ് സൊസൈറ്റിക്ക് (കെബിപിഎസ്) നിർദേശം നൽകിയത്. ഇതിൽ 45 ലക്ഷം പുസ്തകങ്ങളുടെ അച്ചടി പൂർത്തിയായി.
സെപ്റ്റംബർ പത്തിനകം മുഴുവൻ വിദ്യാർഥികൾക്കും പുസ്തകം ലഭ്യമാക്കാൻ കഴിയുമെന്ന് കെബിപിഎസ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ കെ. കാർത്തിക് രാഷ്ട്രദീപികയോടു പറഞ്ഞു. പുസ്തകങ്ങൾ നഷ്ടപ്പെട്ട വിദ്യാർഥികളുടെ ഏകദേശ കണക്കെടുത്താണ് 65 ലക്ഷം പുസ്തകങ്ങൾ അച്ചടിക്കുന്നതിനുള്ള ഓർഡർ വിദ്യാഭ്യാസ വകുപ്പ് കെബിപിഎസിന് നൽകിയത്.
ഏതൊക്കെ ജില്ലകളിലും സ്ഥലങ്ങളിലുമാണ് പുസ്തകം വിതരണം ചെയ്യേണ്ടതെന്ന കണക്ക് വിദ്യാഭ്യാസ വകുപ്പിൽനിന്ന് ലഭിച്ചിട്ടില്ല. പ്രളയക്കെടുതികൾക്കുശേഷം ഇന്നലെയാണ് സംസ്ഥാനത്ത് ക്ലാസുകൾ ആരംഭിച്ചത്. ഇന്നലെ തന്നെ ഭൂരിഭാഗം സ്കൂളുകളിലും നഷ്ടപ്പെട്ട പുസ്തകങ്ങളുടെ കണക്കെടുപ്പ് നടന്നു. സെപ്റ്റംബർ രണ്ടിനു മുന്പ് വിതരണം ചെയ്യുന്നതിനുള്ള നിർദേശം വിദ്യാഭ്യാസ വകുപ്പിൽ നിന്ന് ലഭിക്കും. ഇതിനു ശേഷം മൂന്നു മുതൽ പുസ്തകങ്ങൾ വിതരണം ചെയ്യാൻ കഴിയുമെന്ന് കെ. കാർത്തിക് പറഞ്ഞു.
അച്ചടിച്ച പുസ്തകങ്ങൾ അതാത് ജില്ലാ ഹബ്ബുകളിലേക്കും അവിടെനിന്ന് സർക്കാർ നിർദേശിച്ച വിവിധ സൊസൈറ്റികളിലേക്കും അയയ്ക്കുന്നതു വരെയാണ് കെബിപിഎസിന്റെ ഉത്തരവാദിത്വം. അച്ചടിയും ബൈൻഡിംഗും പൂർത്തിയാക്കി പായ്ക്ക് ചെയ്താണ് ജില്ലാ ഹബ്ബുകളിലേക്ക് അയയ്ക്കുക. സൊസൈറ്റികളിൽ നിന്ന് സ്കൂൾ അധികൃതർ പുസ്തകങ്ങൾ കൈപ്പറ്റി വിതരണം ചെയ്യും.
വിദ്യാർഥികളുടെ ഒന്നാം ടേമിലെ പുസ്തകങ്ങളാണ് പ്രളയക്കെടുതിയിൽ നഷ്ടപ്പെട്ടത്. രണ്ടാം ടേമിലേക്കുള്ള പുസ്തകങ്ങളുടെ അച്ചടി പൂർത്തിയായി വിതരണം നടന്നുകൊണ്ടിരിക്കുന്ന സമയത്തായിരുന്നു പ്രളയം . തുടർന്ന് സർക്കാർ നിർദേശം അനുസരിച്ച് ഒന്നാം ടേമിലേക്കുള്ള പുസ്തകങ്ങളുടെ അച്ചടി ആരംഭിക്കുകയായിരുന്നു.
പാലക്കാട്, മലപ്പുറം ജില്ലകളിൽ വിതരണം ചെയ്ത രണ്ടാം ടേമിലേക്കുള്ള പതിനായിരത്തോളം പുസ്തകങ്ങൾ പ്രളയക്കെടുതിയിൽ നശിച്ചതായി വിവരം ലഭിച്ചിട്ടുണ്ടെന്ന് കാർത്തിക് പറഞ്ഞു. ഇതുസംബന്ധിച്ച് ഔദ്യോഗിക അറിയിപ്പ് വിദ്യാഭ്യാസവകുപ്പിൽ നിന്ന് ലഭിച്ചിട്ടില്ല. അറിയിപ്പ് ലഭിച്ചാൽ ഈ പുസ്തകങ്ങളും ഉടൻ അച്ചടിച്ചുനൽകുമെന്ന് അദ്ദേഹം വ്യക്തമാക്കി.
സെപ്റ്റംബർ 15ന് നകം വിതരണം പൂർത്തിയാക്കണമെന്നായിരുന്നു സർക്കാർ നിർദേശിച്ചിരുന്നത്. ജീവനക്കാർ അധികസമയം ജോലി ചെയ്താണ് പുസ്തക വിതരണം പത്തിനകം പൂർത്തിയാക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചത്.