മൂവാറ്റുപുഴ: സംസ്ഥാനത്തെ നടുക്കിയ പ്രളയത്തിൽ മൂവാറ്റുപുഴയിൽ രക്ഷാദൗത്യം നടത്തി അനേകരെ രക്ഷിച്ച നിർമല കോളജ് എൻസിസി കേഡറ്റുകളും റെഡ്ക്രോസ് അംഗങ്ങളും നാടിനു മാതൃകയായി. മൂവാറ്റുപുഴയിലെ എല്ലാ ദുരിതാശ്വാസ ക്യാന്പുകളിലും ഭക്ഷണം എത്തിച്ചുകൊണ്ടായിരുന്നു തുടക്കം. രണ്ടു ദിനങ്ങളിലായി 187 രക്ഷാദൗത്യങ്ങളാണ് ഒറ്റയ്ക്കും മറ്റു രക്ഷാപ്രവർത്തകരോടും അഗ്നിശമന, നാവിക സേനാംഗങ്ങളോടും ചേർന്ന് കേഡറ്റുകൾ നടത്തിയത്.
നിരവധിപ്പേരെ സ്വന്തം ജീവൻ പണയം വച്ച് നീന്തിയും ബോട്ടുകളിലും ടയർ ട്യൂബുകളിലുമായി രക്ഷപ്പെടുത്തി. അന്നേ ദിവസം രാത്രി കോളജിൽ ദുരിതാശ്വാസ ക്യാന്പും ആരംഭിച്ചു. 131 അംഗങ്ങളുമായി ആരംഭിച്ച ക്യാന്പിൽ സമാപന ദിവസം 197 പേരാണ് ഉണ്ടായിരുന്നത്. പ്രളയജലം മൂലം ആശുപത്രികളുടെ പ്രവർത്തനം തടസപ്പെട്ടപ്പോൾ രോഗികളെ തോളിൽ ചുമന്നും ആംബുലൻസിലുമായി ക്യാന്പിൽ എത്തിച്ച് അവരെ പരിചരിച്ചു. അടിയന്തര വൈദ്യസഹായം ആവശ്യമായിരുന്നവർക്ക് ചികിത്സ ലഭ്യമാക്കി.
ആവോലി പഞ്ചായത്തും തൊടുപുഴ ചാഴികാട്ട് ആശുപത്രിയുമായി ചേർന്ന് മെഡിക്കൽ ക്യാന്പും സംഘടിപ്പിച്ചു. കോളജ് ദുരിതാശ്വാസ ക്യാന്പ് കളക്ഷൻ സെന്റർ ആയി ഏകോപിപ്പിച്ച് അർഹതപ്പെട്ട മറ്റ് ക്യാന്പുകളിലേക്ക് അവശ്യസാധനങ്ങളും വസ്ത്രങ്ങളും വിതരണം ചെയ്തു.
ആലുവ, പറവൂർ, വരാപ്പുഴ, ചാലക്കുടി, ചെങ്ങന്നൂർ, ഇടുക്കി, ചെറുതോണി, പത്തനംതിട്ട എന്നിവിടങ്ങളിലേക്ക് ഭക്ഷണവും വെള്ളവും വസ്ത്രങ്ങളും എത്തിച്ചു നൽകി. ക്യാന്പിന്റെ സമാപന ദിവസം കോളജ് ബർസാർ ഫാ. ഫ്രാൻസിസ് കണ്ണാടൻ ഓരോ കുടുംബത്തിനും ഒരാഴ്ചത്തേക്ക് കഴിയുവാനുള്ള കിറ്റും നൽകിയാണ് യാത്രയാക്കിയത്.
മൂവാറ്റുപുഴ ആർഡിഒ അനിൽകുമാർ, എൻസിസി കമാൻഡിംഗ് ഓഫീസർ ആർ. രഞ്ജിത്ത് എന്നിവർ ക്യാന്പ് സന്ദർശിച്ച് അഭിനന്ദനം അറിയിച്ചിരുന്നു. ക്യാന്പ് പിരിച്ചുവിട്ടതിനുശേഷം കോളജും പരിസരവും വൃത്തിയാക്കിയ കേഡറ്റുകൾ മൂവാറ്റുപുഴയിലെയും ചെങ്ങന്നൂരിലെയും പ്രളയ ബാധിത ഭവനങ്ങളും സ്കൂളുകളും ശുചീകരിച്ച് അവരുടെ സേവന സന്നദ്ധത അറിയിച്ചു. ദുരിതബാധിതർക്ക് സർക്കാരിന്റെ നഷ്ടപരിഹാര ഫോറം വീടുകൾ തോറും വിതരണം ചെയ്ത് വേണ്ട നിർദേശങ്ങളും നൽകി.
ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് പ്രിൻസിപ്പൽ ടി.എം.ജോസഫ്, എൻസിസി ഓഫീസറും ക്യാന്പ് കോ-ഓർഡിനേറ്ററുമായ എബിൻ വിൽസണ്, സീനിയർ അണ്ടർ ഓഫീസർ ദീപക് ടി. കാപ്പൻ, ജൂണിയർ അണ്ടർ ഓഫീസർ ആതിര ജെയിംസ്, അൽഫോൻസ്, അഭിരാം, ലിജോ, മാത്യു, റെഡ് ക്രോസ് യൂണിറ്റ് പ്രസിഡന്റ് ഏബൽ ബാബു എന്നിവർ നേതൃത്വം നൽകി.