ആ ആന്‍സനാണ് പതിനാറിലെ ദുരന്ത രാത്രിയില്‍ വെഞ്ചിരിപ്പിന് കാത്തു കിടന്നിരുന്ന തന്റെ പുതിയ സ്വപ്ന ഗൃഹത്തിന് തൊട്ടടുത്ത് പഴയ തറവാട്ടു വീട്ടില്‍ വൃദ്ധയായ അമ്മയുടെ കൈ പിടിച്ച് മരണത്തിലേക്ക് ഒഴുകി പോയത്!

തൃശൂരിലെ ജോജോ പ്ലാസ്റ്റിക് എന്ന സ്ഥാപനത്തിന്റെ ഉടമയായിരുന്ന ആന്‍സനെ അനുസ്മരിച്ചു കൊണ്ട് എഴുത്തുകാരി കൂടിയായ ലിപി ജസ്റ്റിന്‍ ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പ് ഏറെ വൈറല്‍ ആകുകയാണ്. എന്നു ചെന്നാലും ഇടതു കയ്യിലെ മൊബൈല്‍ ഇടതു ചെവിയിലേക്ക് വെച്ച് സപ്ലെയേഴ്‌സിനോടും, വലതു കയ്യും വലതു ചെവിയും കണ്ണും ഉപയോഗിച്ച് കസ്സ്റ്റമേഴ്‌സിനോടും, ഒരേ സമയത്ത് സംസാരിക്കുന്ന ആന്‍സനെ ഞാന്‍ അത്ഭുതപൂര്‍വ്വം നോക്കി നിന്നിട്ടുണ്ട് എന്ന് ലിപി ഓര്‍ക്കുന്നു.

ഫേസ്ബുക് പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെ ;

സ്വപ്ന ഭവനത്തിലേക്ക് പ്രവേശിക്കാതെ സ്വര്‍ഗീയ ഭവനത്തിലേക്ക് പ്രവേശിച്ച ആന്‍സന്‍….

ആന്‍സനെക്കുറിച്ച് ഇന്നലെ വരെ അധികമൊന്നും എനിക്കറിയില്ലായിരുന്നു. ചാലക്കുടിയിലെ ജോജോ പ്ലാസ്റ്റിക് എന്ന സ്ഥാപനത്തിന്റെ ഉടമയായിരുന്നു… കോട്ടാറ്റ് അതിര്‍ത്തിയില്‍ മൂഞ്ഞേലി ഇടവക അംഗമായ ആന്‍സന്‍. എപ്പോള്‍ ചെന്നാലും ഏറെ തിരക്കുള്ള ജോജോ പ്ലാസ്റ്റിക്ക് സ്ഥാപനവുമായി ഒരഞ്ചു വര്‍ഷത്തെ പരിചയം മാത്രമാണ് എനിക്കുണ്ടായിരുന്നത്.

ഏതൊരാളുടെ വീടിനും, കടക്കും, ഓഫീസിനുമൊക്കെ ആവശ്യമായ സാധന സാമഗ്രഹികള്‍ തുച്ഛമായ വിലക്ക് കിട്ടി കൊണ്ടിരുന്ന ഒരു കട. ചാലക്കുടിയില്‍ വരുന്ന ഏതൊരു മനുഷ്യനും ഒരിക്കലെങ്കിലും ആ കടയില്‍ കയറാതെ പോയിട്ടുണ്ടാവുകയില്ല. അനേകായിരം ജനങ്ങളുടെ അത്താണിയായിരുന്നു ജോജോ പ്‌ളാസ്റ്റിക്. അതിനു പുറമെ ഒട്ടേറെപേര്‍ക്ക് ജോലി കൊടുത്തിരുന്ന ഒരു സ്ഥാപനവും.

എന്നു ചെന്നാലും ഇടതു കയ്യിലെ മൊബൈല്‍ ഇടതു ചെവിയിലേക്ക് വെച്ച് സപ്ലെയേഴ്‌സിനോടും, വലതു കയ്യും വലതു ചെവിയും കണ്ണും ഉപയോഗിച്ച് കസ്സ്റ്റമേഴ്‌സിനോടും, ഒരേ സമയത്ത് സംസാരിക്കുന്ന ആന്‍സനെ ഞാന്‍ അത്ഭുതപൂര്‍വ്വം നോക്കി നിന്നിട്ടുണ്ട്. ഒരാളെയും കാത്തു നിര്‍ത്തി മുഷിപ്പിക്കുന്ന സ്വഭാവം തീരെയില്ല. എല്ലാവരുടെ ചോദ്യങ്ങള്‍ക്കും വ്യക്തമായ മറുപടിയും ശക്തമായ നടപടിയും ആന്‍സനില്‍ നിന്നും എന്നും എല്ലാവര്‍ക്കും കിട്ടിയിരുന്നു.

അങ്ങനെയുള്ള ആന്‍സനെയാണ് ഈ പ്രളയം തട്ടിയെടുത്തത്. ആഗസ്റ്റ് പതിനഞ്ചിന് സ്വാതന്ത്ര ദിനത്തില്‍ ചുറ്റുമുള്ളവര്‍ക്ക് വേണ്ടി മധുര പലഹാരങ്ങള്‍ വിതരണം ചെയ്തിരുന്ന ആന്‍സന്‍…പെരിങ്ങല്‍ക്കുത്ത് ഡാം തുറന്നു വിടുന്നുണ്ട് ചാലകുടിക്കാര്‍ ജാഗ്രത പാലിക്കണമെന്ന് ഫ്ബി പോസ്റ്റിട്ട ആന്‍സന്‍… ആ ആന്‍സനാണ് പതിനാറിലെ ദുരന്ത രാത്രിയില്‍ വെഞ്ചിരിപ്പിന് കാത്തു കിടന്നിരുന്ന തന്റെ പുതിയ സ്വപ്ന ഗൃഹത്തിന് തൊട്ടടുത്ത് പഴയ തറവാട്ടു വീട്ടില്‍ വൃദ്ധയായ അമ്മയുടെ കൈ പിടിച്ച് മരണത്തിലേക്ക് ഒഴുകി പോയത്!.

ആന്‍സനും അമ്മയും തറവാട് വീട് കുതിര്‍ന്നു വീണ് മരണപെട്ടു എന്ന വാര്‍ത്ത ചാലക്കുടി ദേശത്തെ കുറച്ചൊന്നുമല്ല ഞെട്ടിച്ചത്. മരണവാര്‍ത്ത കേട്ട് ഞെട്ടിയവരുടെ ഹൃദയം പൊട്ടിയത് ആന്‍സന്‍ സ്വപ്നം കണ്ടിരുന്ന… പുതിയ ജീവിതത്തിന്റെ തൊട്ട് അടുത്ത് എത്തിയിട്ട്കൂടി അതിലേക്കൊന്നു പ്രവേശിക്കാന്‍ പോലും സാധിക്കാതെ പോയ ആന്‍സന്റെ വിധിയെ ഓര്‍ത്തിട്ടായിരുന്നു!. തന്റെ ആയുസ്സിന്റെ അധ്വാനം കൊണ്ടുണ്ടാക്കിയ പുതിയ വീടിന്റെ വെഞ്ചിരിപ്പിന് ശേഷം ഒരു വിവാഹ ജീവിതവും ആന്‍സന്‍ സ്വപ്നം കണ്ടിരുന്നു എന്നു പറഞ്ഞു കേള്‍ക്കുന്നു.

ആന്‍സന്റെ മരണവാര്‍ത്ത കേട്ട് വിശ്വസിക്കാനാകാതെ ആ വിധിയെക്കുറിച്ച് പതം പറഞ്ഞു നടന്നിരുന്ന എന്റെ കണ്ണുകള്‍ തുറപ്പിച്ചത് എന്റെ മകള്‍ ആയിരുന്നു. അവള്‍ ചോദിച്ചു…’ഈ അമ്മയെന്തുന്നാ ആളുടെ വിധിയെ പറ്റി ഓരോന്നു പറഞ്ഞു നടക്കുന്നെ… ഒരാള്‍ വിവാഹം കഴിച്ചോ വീട് പണിതോ എന്നൊന്നും അല്ല നമ്മള്‍ നോക്കേണ്ടത്. അയാള്‍ എത്ര ജന ഹൃദയങ്ങളില്‍ ജീവിക്കുന്നു എന്നു മാത്രമാണ് നമ്മള്‍ നോക്കേണ്ടത്.’ അതെ…എത്ര ശെരി

ഒരാളുടെ ജീവിത വിജയം നിശ്ചയിക്കേണ്ടത് അയാള്‍ നേടിയ സമ്പത്തിന്റെയോ, കോടികള്‍ മുടക്കി പണിതുയര്‍ത്തിയ വീടിന്റെയോ, വിജയിപ്പിച്ച സംരഭത്തിന്റെയോ സ്ഥിതി നോക്കിയല്ല… ഒരു മനുഷ്യന്റെ വിജയം അളക്കേണ്ടത് അയാള്‍ നേടിയ ഹൃദയങ്ങള്‍ നോക്കിയാണ്.
ആ ഹൃദയങ്ങളില്‍ അയാള്‍ക്കുള്ള സ്ഥാനം നോക്കിയാണ്.

അങ്ങനെ നോക്കുമ്പോള്‍ ആന്‍സന്റെ മരണം അദ്ദേഹത്തിന്റെ വിജയം തന്നെയാണ്.ഒരുപാട് ജന ഹൃദയങ്ങളെ തന്റെ വ്യക്തിത്വം കൊണ്ട് മാത്രം കീഴ്പെടുത്തിയ വിജയം! ആ വിജയത്തിന്റെ ഒരു ഉദാഹരണം ആണല്ലോ ആയിരകണക്കിന് കസ്റ്റമേഴ്‌സില്‍ ഒരാള്‍ മാത്രമായ… അയല്‍ ദേശത്ത് താമസിക്കുന്ന എന്നെ പോലെ ഉള്ളവരുടെ ഹൃദയങ്ങളില്‍ പോലും ആന്‍സന്‍ നിറഞ്ഞു നില്‍ക്കുന്നത്. കൂടപ്പിറപ്പുകള്‍ക്കും കൂടപ്പിറപ്പുകളെ പോലെ സ്‌നേഹിക്കുന്ന സഹ പ്രവര്‍ത്തകര്‍ക്കും നാട്ടുകാര്‍ക്കും ആന്‍സന്റെ മരണത്തിലുള്ള അനുശോചനങ്ങള്‍ അറിയിക്കുന്നു.

പെറ്റമ്മയെ മരണത്തില്‍ പോലും ഒറ്റക്ക് ആക്കാത്ത ആന്‍സന് നാടിന്റെ കണ്ണീരില്‍ കുതിര്‍ന്ന ആദരാഞ്ജലികള്‍….

Related posts