ന്യൂഡൽഹി: ഡൽഹി ഇന്ദിരാ ഗാന്ധി വിമാനത്താവളത്തിൽ യാത്രക്കാരി വലിച്ചെറിഞ്ഞ പവർ ബാങ്ക് പൊട്ടിത്തെറിച്ചത് ആശങ്കപരത്തി. സംഭവുമായി ബന്ധപ്പെട്ട് ഡൽഹി ഢിഫൻസ് കോളനി സ്വദേശിനിയായ മാളവിക തിവാരിയെ (56) പോലീസ് അറസ്റ്റ് ചെയ്തു. ഇവരെ പിന്നീട് ജാമ്യത്തിൽ വിട്ടയക്കുകയും ചെയ്തു.
ധർമശാലയിലേക്കുപോകുന്നതിന് ടെർമിനൽ ഒന്നിൽ എത്തിയ മാളവിക തിവാരിയെ സുരക്ഷാ ഉദ്യോഗസ്ഥർ തടഞ്ഞു. പവർ ബാങ്ക് അകത്തു കടത്താനാകില്ലെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ അറിയിച്ചതോടെ ഇവർ സുരക്ഷാ ഉദ്യോഗസ്ഥരുമായി വാക്കേറ്റം നടത്തി. ഇതിനിടെ മാളവിക രോഷത്തോടെ പവർ ബാങ്ക് ഭിത്തിയിലേക്കു വലിച്ചെറിയുകയായിരുന്നു.
നിലത്ത് വീണ് പവർ ബാങ്ക് സ്ഫോടന ശബ്ദത്തോടെ പൊട്ടിത്തെറിച്ചു. ഉടൻ തന്നെ പോലീസ് ഇവരെ അറസ്റ്റ് ചെയ്തു. മാളവിക സീരിയൽ നടിയാണെന്നാണ് കരുതുന്നത്. എന്നാൽ ഇവരെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വിമാനത്താവള അധികൃതർ പുറത്തുവിട്ടിട്ടില്ല.