തിരുവനന്തപുരം: തിരുവല്ലയിൽ പ്രളയത്തിൽപ്പെട്ട നൂറു കണക്കിന് പേരെ രക്ഷപ്പെടുത്തി കരയ്ക്കെത്തിച്ചപ്പോഴേക്കും മത്സ്യത്തൊഴിലാളികളായ പനിയടിമയും ഫ്രെഡിയും ജില്ലറും ചേർന്നുള്ള രക്ഷാ സംഘത്തിന്റെ ഫൈബർ ബോട്ട് കേടായിക്കഴിഞ്ഞിരുന്നു.
റോഡിൽ പോലീസ്കാർക്കൊപ്പം നിർദേശങ്ങൾ നൽകി നിന്ന ആളിനെ നോക്കി ഫ്രെഡി പറഞ്ഞു “അണ്ണാ ,ഞങ്ങൾക്ക് ഒരു ബോട്ട് തന്നാൽ കുറെ പേരെ കൂടി രക്ഷിച്ചു കൊണ്ട് വരാം….’ ഫ്രെഡി അണ്ണാ എന്ന് വിളിച്ചത് പത്തനംതിട്ട ജില്ലാ കളക്ടർ പി.ബി.നൂഹിനെ ആയിരുന്നു. ഇതിനിടെ രക്ഷാപ്രവർത്തനത്തിനിടക്ക് അരക്കൊപ്പം വെള്ളത്തിൽ പലപ്പോഴും ഇറങ്ങേണ്ടി വന്ന ഫ്രഡിയുടെ വലതു കൈയിൽ തേൾ കടിച്ചു നീരു വന്നു.
ഇത് കണ്ട കളക്ടർ “നിങ്ങൾ ഇപ്പോൾ ഹോസ്പിറ്റലിലേക്ക് പോകൂ , അത് കഴിഞ്ഞാകാം മറ്റു കാര്യങ്ങൾ’ എന്ന് പറഞ്ഞപ്പോൾ ഫ്രെഡിയുടെ ഉറച്ച മറുപടി “അണ്ണാ , എന്റെ ജീവൻ നോക്കണ്ട ,നിങ്ങൾ ബോട്ട് റെഡിയാക്കി തന്നാൽ പത്തു പേരെയെങ്കിലും ഇപ്പോൾ രക്ഷിക്കാൻ എനിക്ക് സാധിക്കും’
ആ ഇച്ഛാശക്തിക്കു മുന്നിൽ ആരാധനയോടെ നിന്ന കളക്ടർ അടുത്ത് നിന്ന പോലീസിനോട് പറഞ്ഞു “കൊടുക്ക് സലൂട്ട്’ അപ്പോഴാണ് വിഴിഞ്ഞത്തുനിന്നുള്ള മൂന്നംഗ രക്ഷാ സൈന്യത്തിന് മനസിലായത് “അണ്ണാ’ എന്ന് അൽപ്പം മുൻപ് വിളിച്ചത് ജില്ലാ കളക്ടറെ ആണെന്ന് !….അവർ സോറി പറഞ്ഞെങ്കിലും കളക്ടർ പി.ബി.നൂഹ് അതൊന്നും കാര്യമാക്കിയില്ല.
“നിങ്ങളുടെ മനസും പ്രവർത്തിയുമാണ് ഇപ്പോൾ മുഖ്യം’ എന്ന് അവരോടു പറഞ്ഞ കളക്ടർ ഉടൻ തന്നെ ബോട്ട് റെഡിയാക്കി കൊടുത്തു. ഇതിനിടെ തേൾ കുത്തിയത് അപകടകരമായപ്പോൾ ഫ്രഡി മണ്ണെണ്ണയിൽ കൈയും കാലും ഒക്കെ കഴുകിയെടുത്താണ് വീണ്ടും രക്ഷാ ദൗത്യത്തിൽ ഏർപ്പെട്ടത്.
പത്തനംതിട്ടയിൽ രക്ഷാ ദൗത്യത്തിന് വിഴിഞ്ഞത്തു നിന്നും പതിനാറിന് പോയ ആദ്യ ഫൈബർ ബോട്ടിലെ മത്സ്യത്തൊഴിലാളി സംഘത്തിന് സ്കൂളിൽ തിരുവനന്തപുരത്തെ തൈക്കാട് മോഡൽ ഹയർസെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ച അനുമോദന ചടങ്ങിൽ സ്വീകരണം ഏറ്റുവാങ്ങിയശേഷം കുട്ടികളോട് മത്സ്യത്തൊഴിലാളിയായ പനിയടിമ പങ്കുവച്ചതാണ് ഈ അനുഭവങ്ങൾ വിഴിഞ്ഞത്തു നിന്നും ഫിഷറീസ് ഡയറക്ടർ ആവശ്യപ്പെട്ടതനുസരിച്ചാണ് ഇവർ രക്ഷാദൗത്യത്തിന് പത്തനംതിട്ടയിലേക്കു പോയത് .
ചില വേദന നിറഞ്ഞ അനുഭവങ്ങളും ഇവർ കുട്ടികളുമായി പങ്കുവച്ചു. “ചില സ്ഥലങ്ങളിൽ അപൂർവം ചില ആളുകൾ നിങ്ങൾ താഴ്ന്ന ജാതിക്കാരാണ് ,നിങ്ങളുടെ ബോട്ടിൽ ഞങ്ങൾ കയറില്ല എന്ന് പറഞ്ഞത് ഞങ്ങളെ വല്ലാതെ വേദനിപ്പിച്ചു. ഭക്ഷണ പൊതികളുമായി വളരെ കഷ്ടപ്പെട്ടു ഉൾപ്രദേശങ്ങളിൽ വീടുകളിൽ എത്തുമ്പോൾ ബ്രഡും ജാമും വേണം , പ്രത്യേക ബ്രാൻഡിലുള്ള ബിസ്ക്കറ്റ് കൊണ്ടുവരണം എന്നൊക്കെ ചിലർ ആവശ്യപ്പെട്ടപ്പോൾ ചിരിക്കണോ കരയണോ എന്ന അവസ്ഥയിലായിരുന്നു ഞങ്ങൾ …’
ഹെഡ്മാസ്റ്റർ ആർ.എസ്. സുരേഷ് ബാബു ചടങ്ങിൽ അധ്യക്ഷത വഹിച്ചു. അധ്യാപകരായ ജെ.എം.റഹിം , എം.ഷാജി എന്നിവർ പ്രസംഗിച്ചു. സ്കൂൾ ലീഡർമാരായ വിദ്യാർഥികൾ പ്രത്യേക ഷാൾ അണിയിച്ചു മത്സ്യത്തൊഴിലാളികളെ ആദരിച്ചു.
മോഡൽ സ്കൂളിന്റെ ചിത്രം ആലേഖനം ചെയ്ത പ്രത്യേക ഉപഹാരം ഹെഡ്മാസ്റ്റർ നൽകി. സ്കൂളിന്റെ വകയായി മത്സ്യത്തൊഴിലാളികൾക്കു നൽകിയ കാഷ് അവാർഡ് സ്കൂളിന്റെ ദുരിതാശ്വാസ ഫണ്ടിലേക്ക് സംഭാവനയായി തിരിച്ചു ഹെഡ്മാസ്റ്ററെ ഏൽപ്പിച്ചത് അധ്യാപകർക്കും വിദ്യാർഥികൾക്കും ആവേശകരമായ അനുഭവമായി.