പുതുക്കാട്: ആദ്യകാല മണൽവാരൽ തൊഴിലാളികളുടെ അനുഭവസന്പത്തിലൂടെ പ്രളയത്തിൽ നിന്നും ജീവിതത്തിലേക്ക് കൈപിടിച്ച് ഉയർത്തിയത് 50ഓളം പേരെ. വരന്തരപ്പിള്ളി മനയ്ക്കലക്കടവിൽ നിന്നും പുഴ ഗതി മാറി ഒഴുകിയതുമൂലം കടവിൽനിന്നും തോട്ടുമുഖം വരെ ഒറ്റപ്പെട്ടുപോയ 20ഓളം കുടുംബങ്ങളെയാണ് തൊഴിലാളികളായ മൂവർസംഘം രക്ഷപ്പെടുത്തിയത്.
തൊഴിലാളികളായ കുമാരൻ, രാജൻ, ഷിജു എന്നിവരാണു രക്ഷാപ്രവർത്തനത്തിനു നേതൃത്വം നൽകിയത്. 15ന് രാത്രിയോടെ പുഴ ഗതിമാറുകയും പെട്ടെന്ന് വെള്ളം ഉയരുകയും ചെയ്തതോടെ പലർക്കും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാൻ കഴിഞ്ഞിരുന്നില്ല. വെള്ളം ക്രമാതീതമായി ഉയർന്നതോടെ ആളുകൾ വീടുകളുടെ മുകളിൽ അഭയം തേടുകയായിരുന്നു.
16 ന് രാവിലെ മുതൽ രക്ഷാപ്രവർത്തനത്തിനു ശ്രമം നടത്തിയിരുന്നു. നാട്ടുകാർ ആദ്യം ചങ്ങാടം നിർമിച്ച് രക്ഷാപ്രവർത്തനം നടത്താൻ ശ്രമിച്ചെങ്കിലും ഒഴുക്കിൽപ്പെട്ട് ഒരു അടി പോലും മുന്നോട്ട് നീങ്ങാൻ ആയില്ല. തുടർന്നാണ് ചിമ്മിനി ഡാമിൽനിന്നും എത്തിച്ച ഫൈ ബർ ബോട്ട് ഉപയോഗിച്ച് രക്ഷാപ്രവർത്തനം ആരംഭിച്ചത്.
എന്നാൽ ശക്തമായ ഒഴുക്കിൽ ബോട്ട് നിയന്ത്രിക്കുന്നത് ഒരു വെല്ലുവിളിയായ സമയത്താണ് ആദ്യകാലത്ത് മണൽവാരൽ നടത്തിയിരുന്ന ഇവർ രക്ഷാപ്രവർത്തനത്തിന് ഇറങ്ങിയത്. ഇവരോടൊപ്പം നാട്ടുകാരും രക്ഷാപ്രവർത്തനത്തിന് ഇറങ്ങി.
കല്ലൂക്കാരൻ ജിനോയിയുടെ സ്ഥാപനത്തിൽനിന്നും എടുത്ത 500 മീറ്ററോളം വരുന്ന വടം കരയിൽ നിന്നും തോട്ടുമുഖം പുഴയുടെ സമീപംവരെ എത്തിച്ചിരുന്നു. ആദ്യം മനയ്ക്കലക്കടവിൽ നിന്നുമാണ് രക്ഷാപ്രവർത്തനം ആരംഭിച്ചത്. പിന്നീട് തോട്ടുമുഖം പുഴയുടെ തീരം വരെയുള്ള ആളുകളെ സുരക്ഷിതമായി കരയ്ക്ക് എത്തിക്കാനായി.
വളർത്തുമൃഗങ്ങൾ ഉൾപ്പെടെ രക്ഷപ്പെടുത്താൻ ഇവർ ശ്രമിച്ചു. പത്ത് തവണയായാണ് ആളുകളെ സുരക്ഷിത സ്ഥാനത്തേക്ക് എത്തിക്കാനായത്. മൂന്നുമാസം പ്രായമുള്ള കുട്ടിയെ എടുത്ത് ബോട്ടിൽ കയറാൻ വിമുഖത കാണിച്ച മാതാപിതാക്കളെയും സംഘം രക്ഷപ്പെടുത്തി. ഇതിനിടെ സുഹൃത്തിനെതേടി ഇറങ്ങിയ ഒരാളെ ഒഴുക്കിൽ കാണാതായത് പരിഭ്രാന്തി പരത്തിയിരുന്നു. എന്നാൽ വടം ഉപയോഗിച്ചുള്ള തെരച്ചിലിൽ ഇയാളെ ഒരു വീടിന് മുകളിൽ കണ്ടെത്തുകയായിരുന്നു.
രാവിലെ തുടങ്ങിയ രക്ഷാപ്രവർത്തനം രാത്രി എട്ടോടെയാണ് അവസാനിച്ചത്. എൻആർഡിഎഫ് സേന എത്തുമെന്ന് പറഞ്ഞ് കാത്തിരുന്ന് വീടുകളുടെ മുകളിൽ അഭയം തേടിയ കുടുംബങ്ങൾക്കാണ് നാട്ടുകാരായ തൊഴിലാളികൾ രക്ഷകരായത്.
വരന്തരപ്പിള്ളി സ്വദേശികളായ സുദേവൻ, ശ്രീജിത്ത്, ബാബു, ജയരാമൻ തുടങ്ങിയവരും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായിരുന്നു. രക്ഷാപ്രവർത്തനത്തിന് അധികൃതരുടെ ഒരുവിധ പിന്തുണയും ലഭിക്കാതെ വന്നതോടെ ജീവൻ പണയംവെച്ച് രക്ഷാപ്രവർത്തനത്തിനിറങ്ങിയ തൊഴിലാളികൾക്ക് അകമറിഞ്ഞ നന്ദിയാണു മനയ്ക്കലക്കടവ് ഗ്രാമം നേരുന്നത്.