ചെറുപുഴ: ചെറുപുഴ സെന്റ് മേരീസ് ഹൈസ്കൂൾ എട്ടാം ക്ലാസ് വിദ്യാർഥിനിയെ സ്വകാര്യ ബസിൽ നിന്ന് ചവിട്ടി ഇറക്കിയ സംഭവത്തിൽ കണ്ടക്ടർ അറസ്റ്റിൽ. ചെറുപുഴ-പുളിങ്ങോം റൂട്ടിലോടുന്ന ജാനവി ബസ് കണ്ടക്ടർ മുളപ്രയിലെ തെക്കനാട്ട് സൂരജി (28)നെയാണ് ചെറുപുഴ പോലീസ് അറസ്റ്റ് ചെയ്തത്. പിന്നീട് ഇയാളെ ആൾ ജാമ്യത്തിൽ വിട്ടയച്ചു.
ബുധനാഴ്ച വൈകുന്നേരമായിരുന്നു കേസിനാസ്പദമായ സംഭവം. സ്കൂൾ വിട്ട് കാക്കയംചാലിലെ സ്കൂൾ ബസ് സ്റ്റോപ്പിൽ നിന്ന് ബസിൽ കയറാൻ ശ്രമിക്കവെ കണ്ടക്ടർ വിദ്യാർഥിനിയെ ചവിട്ടിയെന്നാണ് കേസ്. കുട്ടിയുടെ പിതാവ് നൽകിയ പരാതിയിലാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്.
ചൈൽഡ് ലൈൻ പ്രവർത്തകർ സ്ഥലത്തെത്തി കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. ബസിൽ യാത്ര ചെയ്യുന്ന വിദ്യാർഥികളോട് ബസ് ജീവനക്കാർ അപമര്യാദയായി പെരുമാറുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ഇത്തരക്കാർക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നും ചെറുപുഴ എസ്ഐ എം.എൻ. ബിജോയ് പറഞ്ഞു.