കാസർഗോഡ്: ട്യൂഷൻ സെന്ററിൽ വിദ്യാർഥിനികളെ പീഡിപ്പിച്ചുവെന്ന കേസിലെ പ്രതിയായ ഡോക്ടറെ ജില്ലാ അഡീ. സെഷൻസ് കോടതി (ഒന്ന്) ഏഴു വർഷം കഠിനതടവിനും അരലക്ഷം രൂപ പിഴയടക്കാനും ശിക്ഷിച്ചു. കാഞ്ഞങ്ങാട് ബല്ലാകടപ്പുറത്തെ ഡോ. മുഹമ്മദ് അഷ്കറിനെ(28)യാണ് ശിക്ഷിച്ചത്.
പിഴ അടച്ചാൽ തുക പീഡിനത്തിനിരയായ പെണ്‍കുട്ടിക്ക് നൽകാനും പിഴ അടച്ചില്ലെങ്കിൽ ഒരു വർഷം കൂടി കഠിനതടവ് അനുഭവിക്കാനും കോടതി ഉത്തരവിട്ടു.
2012 ലാണ് ട്യൂഷന് സെന്ററിലെത്തിയ പെണ്‍കുട്ടിയെ പ്രതി അഷ്കര്‍ വിവാഹവാഗ്ദാനം നല്കി ട്യൂഷന് സെന്ററിനകത്ത് പീഡിപ്പിച്ചത്.
ഇത്തരത്തില്‍ നിരവധി പെണ്‍കുട്ടികളെ പീഡിപ്പിച്ചിരുന്നതായി പരാതി ഉയരുകയും അഞ്ചു കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തിരുന്നു. എന്നാൽ നാലു കേസുകൾ ഹൈക്കോടതി റദ്ദാക്കിയിരുന്നു. അഷ്കറിന്റെ സ്വാധീനത്തിൽ പെണ്‍കുട്ടികളെയും രക്ഷിതാക്കളെയും മൊഴി മാറ്റിപ്പിച്ചാണ് കേസുകൾ ഇല്ലാതാക്കിയതെന്ന് ആരോപണം ഉയർന്നിരുന്നു.
ഒരു പെണ്‍കുട്ടി പരാതിയില്‍ ഉറച്ചു നിന്നതോടെ പെണ്‍കുട്ടിയെ പോലീസ് സിആര്‍പി സി 164 പ്രകാരം കോടതിയില്‍ ഹാജരാക്കി മജിസ്ട്രേറ്റ് മുന്‍പാകെ മൊഴി രേഖപ്പെടുത്തി. 2013 ഫെബ്രുവരി 25നാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഈ കേസിലാണ് ഇപ്പോള്‍ അഷ്കറിനെ കുറ്റക്കാരനെന്ന് കണ്ടെത്തിയിരിക്കുന്നത്.
കാഞ്ഞങ്ങാട്ടെ ഒരു സ്കൂള്‍ വിദ്യാര്‍ഥിനി സ്കൂൾ അസംബ്ലിക്കിടെ തലകറങ്ങി വീഴുകയും സ്വകാര്യാശുപത്രിയില്‍ പെണ്‍കുട്ടിയെ പ്രവേശിപ്പിക്കുകയും ചെയ്തതോടെയാണ് പെണ്‍കുട്ടി പീഡനത്തിനിരയായ വിവരം പുറത്തുവന്നത്.
ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസ് പെണ്‍കുട്ടിയില്‍ നിന്നു മൊഴിയെടുക്കുകയും അന്നത്തെ സിഐ ആയിരുന്ന കെ.വി. വേണുഗോപാല്‍ അഷ്കറിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയും ചെയ്തതോടെ നിരവധി പെണ്‍കുട്ടികളെ പീഡിപ്പിച്ചതായി അഷ്കര്‍ സമ്മതിക്കുകയായിരുന്നു. പെണ്‍കുട്ടികളോ രക്ഷിതാക്കളോ പരാതി നല്കാത്തതിനാല് പോലീസ് സ്വമേധയാ ആണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
സംഭവം നടക്കുന്പോൾ ട്യൂഷൻ സെന്റർ ഉടമയായ അഷ്കർ എംബിബിഎസ് വിദ്യാർഥിയായിരുന്നു. ഇപ്പോൾ പരിയാരം മെഡിക്കൽ കോളജിൽ എംഡി ചെയ്തുവരികയാണ്. ഇന്നലെ കോടതി കേസ് പരിഗണിച്ചപ്പോൾ ഭാര്യയ്ക്കും ഒന്നരവയസുള്ള കുട്ടിക്കും വയോധികയായ ഉമ്മയ്ക്കും താൻ മാത്രമേയുള്ളുവെന്നും അതിനാൽ പരമാവധി ശിക്ഷ കുറച്ചുനൽകണമെന്നും പ്രതി കോടതിയിൽ ബോധിപ്പിച്ചിച്ചു.
എന്നാൽ പ്രതിക്ക് പരമാവധി ശിക്ഷ നൽകണമെന്ന് അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ വാദിച്ചു.