മൂന്നാർ: ഇരന്പിയാർത്ത മുതിരപ്പുഴ ശാന്തത കൈവരിച്ചപ്പോൾ തെളിഞ്ഞ കൈ നാട്ടുകാർക്ക് കൗതുകമായി. വലതു കൈമുഷ്ടിയുടെ പുറംഭാഗംപോലെ തോന്നിക്കുന്ന കൈ കാണാൻ നിരവധിപ്പേ രാണ് എത്തിയത്.
കൊച്ചി- ധനുഷ്കോടി ബൈപാസ് പാലത്തിനു സമീപമാണു കാഴ്ച. പാറയിൽ തെളിയുന്ന കൈവിരലുകൾക്ക് മനുഷ്യകരങ്ങളുടേതുമായുള്ള രൂപസാദൃശ്യമാണ് കാഴ്ചക്കാർക്കു കൗതുകമായത്. ഇതോടെ നാട്ടുകാർ ഓമനപ്പേരും നൽകി- ‘ദൈവത്തിന്റെ കൈ’.
തള്ളവിരൽ മറച്ചുപിടിച്ചിരിക്കുന്ന വിധത്തിൽ കൈ തെളിഞ്ഞതോടെ അതിന്റെ പേരിലുള്ള രസകരമായ നിരവധി അഭിപ്രായങ്ങളും ഉയർന്നിട്ടുണ്ട്. പ്രളയത്തിൽ മൂന്നാറിനെ സംരക്ഷിക്കുന്ന വിധത്തിൽ ദൈവം കാത്തതാണെന്നാണ് ഒരുകൂട്ടരുടെ വാദം.
വെള്ളത്തിനടിയിലുണ്ടായിരുന്ന പാറക്കെട്ട് ശക്തമായ ഒഴുക്കിൽ രൂപംപ്രാപിച്ചു കൈയുടെ ആകൃതിയിലായതാണെന്നാണ് ആദ്യം കണ്ടെത്തിയവരുടെ അഭിപ്രായം. മുതിരപ്പുഴ കരകവിഞ്ഞ് അതിശക്തമായ ഒഴുക്കു രൂപപ്പെട്ടപ്പോൾ ആ ശക്തിയെ തടഞ്ഞുനിർത്താൻ ഉയർന്ന കൈയാണിതെന്നു മറ്റൊരു കൂട്ടരും വാദിക്കുന്നു.
അഭിപ്രായങ്ങൾ നിരവധി ഉയർന്നതോടെ പ്രളയാനന്തരം സഞ്ചാരികൾക്കു കൗതുകമേകാൻ ഈ ‘ദൈവത്തിന്റെ കൈ’യും ഉണ്ടാകുമെന്ന് ഉറപ്പ്.