കൊച്ചി : ഐഎസ്എൽ മത്സരങ്ങൾക്കു മുന്നോടിയായി കേരള ബ്ലാസ്റ്റേഴ്സ് ഫുട്ബോൾ ടീം തായ്ലൻഡിൽ മൂന്നാഴ്ച പരിശീലനം നടത്തും. സെപ്റ്റംബർ ഒന്ന് മുതൽ 21 വരെയാണ് ഹുവാഹിൻ എന്ന സ്ഥലത്ത് ടീം പരിശീലനത്തിനിറങ്ങുക. നിലവിൽ അഹമ്മദാബാദിലെ ട്രാൻസ് സ്റ്റേഡിയം ഗ്രൗണ്ടിലാണ് ബ്ലാസ്റ്റേഴ്സിന്റെ പരിശീലനം.
ഇപ്പോൾ അഹമ്മദാബാദിലെ പരിശീലന സെഷനുകളിൽ പൂർണ തൃപ്തനാണെന്നും തായ്ലൻഡിലെ അന്താരാഷ്ട്ര നിലവാരമുള്ള സൗകര്യങ്ങളിൽ ടീമിന്റെ ഒത്തിണക്കവും കായികക്ഷമതയും കൂടുതൽ മികച്ചതാക്കുകയാണ് ലക്ഷ്യമെന്നും മുഖ്യപരിശീലകൻ ഡേവിഡ് ജെയിംസ് പറഞ്ഞു. തായ്ലൻഡിൽ ടീം അഞ്ചു മത്സരം കളിക്കും. സെപ്റ്റംബർ 29 ന് തുടങ്ങുന്ന ഐഎസ്എൽ മത്സരത്തിന് കരുത്തുറ്റ ടീമിനെ വാർത്തെടുക്കുകയാണ് ലക്ഷ്യം.
തായ്ലൻഡിലേക്ക് പോകുന്നതിന് മുന്പ് കഴിഞ്ഞ 18 മുതൽ കൊച്ചിയിൽ പരിശീലന മത്സരത്തിന് പദ്ധതി ഇട്ടിരുന്നെങ്കിലും മഴയും വെള്ളപ്പൊക്കവും കാരണം മാറ്റം വരുത്തുകയായിരുന്നു. 29 ന് തുടങ്ങുന്ന ആദ്യ മത്സരത്തിൽ ബ്ലാസ്റ്റേഴ്സ് കോൽക്കത്ത എറ്റികെയെ നേരിടും. കോൽക്കത്തയിലാണ് മൽസരം.