കോഴിക്കോട്: മഴക്കെടുതി മാറി വെള്ളം ഇറങ്ങിയപ്പോൾ സംസ്ഥാനം പകർച്ചവ്യാധി ഭീതിയിൽ. നിരവധി പേർ പല ജില്ലകളിലായി നിരീക്ഷണത്തിലാണ്. പനി ബാധിച്ച് ചികിത്സ തേടുന്നവരുടെ എണ്ണത്തിലും വർധനവുണ്ടായിട്ടുണ്ട്.
ആലപ്പുഴ ജില്ലയിൽ അഞ്ചുപേരും കോഴിക്കോട് ജില്ലയിൽ മൂന്നു പേരും ഇടുക്കി ജില്ലയിൽ ഒരാളും ഇതിനോടകം മരിച്ചിട്ടുണ്ട്.
കോഴിക്കോട്ട് പല ഭാഗത്തും എലിപ്പനി ഇതിനോടകം സ്ഥിരീകരിച്ചിട്ടുണ്ട്. ഓഗസ്റ്റ് എട്ടിന് ശേഷം ജില്ലയിൽ 28പേർക്കാണ് എലിപ്പനി സ്ഥിരീകരിച്ചത്. ഇതില്‍ മൂന്നു പേര് മരിച്ചു. 64പേര്‍ക്ക് എലിപ്പനി രോഗലക്ഷണങ്ങളുണ്ട്. എലിപ്പനി ബാധിതരുടെ എണ്ണം വര്‍ധിക്കുന്നുണ്ടെങ്കിലും ഇപ്പോഴുള്ള പ്രത്യേക സാഹചര്യം ആരോഗ്യ വകുപ്പിനെയും ആശങ്കയിലാഴ്ത്തുന്നുണ്ട്.
എലിപ്പനി പടരുന്ന സാഹചര്യത്തില്‍ ജില്ലയില്‍ രണ്ടുമാസം പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്ജിതമക്കാനാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം. എലിപ്പനി വ്യാപകമാക്കുന്ന സാഹചര്യത്തില്‍ ജില്ലയില്‍ 16 താത്കാലിക ആശുപത്രികള്‍ ഇന്ന് പ്രവർത്തനം ആരംഭിച്ചു.
പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ കുറവുള്ള സ്ഥലങ്ങളിലാണ് ആശുപത്രികള്‍ ആരംഭിക്കുന്നത്. കാക്കൂര്‍, ചെറുവണ്ണൂര്‍, ബേപ്പൂര്‍, ചക്കിട്ടപ്പാറ, ചൂലൂര്‍, കാക്കോടി, കുണ്ടുത്തോട്, കുന്നമംഗലം, മൂഴിക്കല്‍, പെരുവയല്‍ , പുതുപ്പാടി, തണ്ണീര്‍പന്തല്‍ , വാണിമേല്‍, വേളം, മരുതോങ്കര, തിരുവമ്പാടി എന്നിവിടങ്ങളിലാണ് ആരോഗ്യ കേന്ദ്രങ്ങള്‍ ആരംഭിക്കുന്നത്. സബ്സെന്ററുകളില്‍ സൗകര്യമുണ്ടെങ്കില്‍ അവിടെയായിരിക്കും ആശുപത്രി പ്രവര്‍ത്തിക്കുക. അല്ലാത്ത പക്ഷം കെട്ടിടങ്ങള്‍ വാടയ്കക്കെടുത്ത് പഞ്ചായത്ത് നല്‍കും.
ഇത്തരത്തില്‍ ആരംഭിക്കുന്ന ആശുപത്രികളില്‍ മെഡിക്കല്‍ കോളജില്‍ നിന്നുള്ള 16 പിജി വിദ്യാര്‍ഥികളുടെ സേവനമാണ് ഉപയോഗപ്പെടുത്തുന്നത്. 16 നഴ്സുമാരെയും നിയമിച്ചു. 82 ജൂണിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരെ ജില്ലയിലെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാനായി ആരോഗ്യവകുപ്പ് അടിയന്തരമായി അനുവദിച്ചിട്ടുണ്ട്. ഇതില്‍ 52 പേരെ വിവിധ സ്ഥലങ്ങളില്‍ നിയമിച്ചു. മറ്റുള്ളവരേയും ഉടന്‍ നിയമിക്കും.
മഞ്ഞപ്പിത്തം, ടൈഫോഴ്ഡ്, കോളറ, വയറിളക്ക രോഗം എന്നീ രോഗങ്ങളും ശ്രദ്ധിക്കണം. വയറിളക്കത്തെ തുടര്‍ന്ന് ഒരു കുട്ടി കോര്പറേഷന് പരിധിയില്‍ മരിച്ചിരുന്നു. വയറളിക്കം ബാധിച്ച അഞ്ച് വയസിന് താഴെയുള്ള കുട്ടികള്‍ക്ക് നിര്‍ജ്ജലീകരണം തടയാന്‍ വേണ്ട കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്ന് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
വെള്ളപ്പൊക്കത്തെ തുടര്‍ന്ന് ജില്ലയില്‍ 303 ദുരിതാശ്വാസ ക്യാമ്പുകളായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്. ക്യാമ്പുകളില്‍ പകര്‍ച്ചവ്യാധികള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല. വെള്ളപ്പൊക്കത്തിന് ശേഷം വീടുകളിലേക്ക് മടങ്ങിയതിന് ശേഷമാണ് എലിപ്പനികളും മറ്റും റിപ്പോര്‍ട്ട് ചെയ്യുന്നത്. മൂന്നു ദിവസമായി ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യുന്ന എലിപ്പനി ബാധിതരതുടെ എണ്ണം വര്‍ധിച്ചിട്ടുണ്ട്.
പകര്‍ച്ചവ്യാധിയും എലിപ്പനിയും വ്യാപകമാകുന്ന സാഹചര്യത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫീസില്‍ കണ്ട്രോള് റൂം ആരംഭിച്ചിട്ടുണ്ട്. 04952376100,9745661177,8943118811. എലിപ്പനി മറ്റ് പകര്‍ച്ചവ്യാധികള്‍ എന്നിവയുമായി ബന്ധപ്പെട്ട എന്ത് സംശയങ്ങള്‍ക്കും പനി റിപ്പോര്‍ട്ട് ചെയ്യാനും ഈ നമ്പറുകളില്‍ ബന്ധപ്പെടാമെന്ന് കോഴിക്കോട് ഡിഎംഒ അറിയിച്ചു.