സിജോ പൈനാടത്ത്
കൊച്ചി: അവർ പകർത്തിയെഴുതുന്നതു വെറും അക്ഷരങ്ങളല്ല, പ്രളയത്തിന്റെ നനവുള്ള സ്നേഹാക്ഷരങ്ങളാണ്. എല്ലാം നഷ്ടമായിടത്തും സഹപാഠികൾക്ക് അറിവിന്റെ വെട്ടം അന്യമാകരുതെന്ന നിഷ്കളങ്കമായ കരുതലാണ് സ്നേഹത്തിന്റെ ഭാഷയിൽ ഈ പകർത്തിയെഴുത്തിന് അവരെ പ്രേരിപ്പിക്കുന്നത്.
എറണാകുളം എസ്ആർവി ഗവണ്മെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ ഒരുകൂട്ടം വിദ്യാർഥിനികളാണു വെള്ളപ്പൊക്കത്തിന്റെ ഇരകളായ സഹപാഠികൾക്കായി നോട്ടുബുക്കുകൾ പകർത്തിയെഴുതുന്നത്. പ്രളയം വിഴുങ്ങിയ വീട്ടകങ്ങളിൽ, പഠിച്ച പുസ്തകങ്ങളും എഴുതിയ നോട്ടുബുക്കുകളും തെരഞ്ഞ ഹയർ സെക്കൻഡറി വിദ്യാർഥികളായ സാജുവിനും അൻസിലിനും നിരാശയായിരുന്നു ഫലം.
മാസങ്ങളോളം എഴുതിക്കൂട്ടിയ നോട്ടുകളത്രയും എവിടേക്കോ ഒഴുകിപ്പോയി! വീടു മാത്രം ബാക്കിവച്ചു വെള്ളമിറങ്ങിപ്പോയപ്പോൾ നഷ്ടങ്ങളുടെ പട്ടികയിൽ പുസ്തകങ്ങളും യൂണിഫോമുകളും ബാഗുമെല്ലാമുണ്ടായിരുന്നു. വരാപ്പുഴ കല്ലുവീട്ടിൽ സ്റ്റാൻലിയുടെ മകൻ സാജു വിഎച്ച്എസ് സി ഒന്നാം വർഷ വിദ്യാർഥിയാണ്.
രണ്ടാം വർഷ വിദ്യാർഥി അൻസിൽ കുട്ടമശേരി കൊല്ലംകുടിപ്പറന്പിൽ അബൂബക്കറിന്റെ മകനാണ്. സ്കൂളിലെ നാഷണൽ സർവീസ് സ്കീമിലെ വോളണ്ടിയർമാർ കൂടിയായ സഹപാഠികളാണ് ഇരുവർക്കുമായി നോട്ടുബുക്കുകൾ പകർത്തിയെഴുതിക്കൊണ്ടിരിക്കുന്നത്.
ക്ലാസ് ആരംഭിച്ച നാൾ മുതൽ ഒഴിവുവേളകളിലും മറ്റുമായി അവർ ഒരുമിച്ചിരുന്നാണ് എഴുത്ത്. സാജുവിനും അൻസിലിനും ഇപ്പോഴും സ്കൂളിലെത്താനായിട്ടില്ല. ഇവരെത്തും മുന്പേ ഇതുവരെയുള്ള നോട്ടുകൾ പൂർത്തിയാക്കാനാണു ശ്രമം. വി.എസ്. പാർവതി, ജീൻ എലിസബത്ത്, മേധ എസ്. ദിവേഷ്, സെറീന സോളമൻ, എം.ഇഷ, ഡി. ലക്ഷ്മണ്, പി.ബി. ആതിര….. സ്നേഹത്തിന്റെ പകർത്തിയെഴുത്തിനു പേനയെടുത്തവർ നിരവധി.
അധ്യാപകരായ എസ്. ദിവ്യ, അജിമോൻ പൗലോസ് എന്നിവർ പ്രോത്സാഹനവുമായി കൂടെയുണ്ട്. സാജുവിനും അൻസിലിനും പാഠപുസ്തകങ്ങളും ബാഗും യൂണിഫോമും വാങ്ങിനൽകാനും ഇവർ തീരുമാനിച്ചിട്ടുണ്ട്. പ്രളയഭൂമിയിൽനിന്നു തിങ്കളാഴ്ച ക്ലാസുകളിലേക്കെത്തുന്ന കൂട്ടുകാർക്കായി എഴുതിത്തീർത്ത നോട്ടുബുക്കുകളും നിറഞ്ഞ സ്നേഹവും സമ്മാനിക്കാനുള്ള ഒരുക്കത്തിലാണു സഹപാഠികൾ.