കൂത്താട്ടുകുളം: കാടുകയറി കിടക്കുന്ന സർക്കാർ ഭൂമി ഇഴജന്തുക്കളുടെ താവളമാകുന്നതായി പരാതി. കൂത്താട്ടുകുളത്ത് പൊതുമരാമത്ത് അസിസ്റ്റന്റ് എൻജിനിയറുടെ ഓഫീസിനും വിശ്രമമന്ദിരത്തിനും സമീപത്തുള്ള രണ്ടേക്കറോളം വരുന്ന സർക്കാർ ഭൂമിയാണ് കാടുകയറി പ്രദേശവാസികൾക്ക് ഭീഷണിയായി മാറിയിരിക്കുന്നത്.
ഇഴജന്തുക്കളെ ഭയന്നാണ് സമീപത്തെ വീട്ടുകാർ കഴിയുന്നത്.നിരവധിത്തവണ പൊതുമരാമത്ത് ഓഫീസിലും നഗരസഭയിലും പരാതിപ്പെട്ടെങ്കിലും ഒരു നടപടിയും ഉണ്ടായിട്ടില്ലെന്ന് സമീപവാസികൾ ആരോപിക്കുന്നു. ഓഫീസിലേക്ക് ആവശ്യമായ വെള്ളം എടുത്തിരുന്ന കിണറും മോട്ടോർപുരയും ഉൾപ്പെടെ കാടുകയറി നശിച്ചു. കടുത്ത വേനലിലും വറ്റാത്ത കിണർ നിലവിൽ ഉപയോഗ ശൂന്യമായിക്കിടക്കുകയാണ്.
ഈ വസ്തുവിനോടു ചേർന്നുള്ള എംവിഐപി ഗോഡൗണ്‍ പരിസരവും കാടുകയറിയ നിലയിലാണ്. ഇവിടെയാണ് കൂത്താട്ടുകുളം ടൗണ്‍ യുപി സ്കൂളിലെ കുട്ടികൾ കായികപരിശീലനം നടത്തുന്നത്. സ്കൂൾ തുറന്ന സാഹചര്യത്തിൽ എത്രയും വേഗം പ്രദേശത്തെ കാടുവെട്ടിതെളിക്കുവാൻ ബന്ധപ്പെട്ടവർ തയാറാകണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.