ചങ്ങനാശേരി: അപകടാവസ്ഥയെക്കുറിച്ചു ചിന്തിച്ചില്ല. വെള്ളത്തിലകപ്പെട്ട കുട്ടനാട്ടുകാരെ രക്ഷിക്കാൻ ദൈവത്തെ മുറുകെപ്പിടിച്ച് ഞങ്ങൾ പോയി. ഞങ്ങൾ പോയതിനു പിന്നാലെ നിരവധി ടിപ്പറുകളെത്തി. ആയിരങ്ങളെ ഞങ്ങൾക്ക് ചങ്ങനാശേരിയിലെത്തിക്കാനായി.
പ്രളയജലത്തിൽ കുട്ടനാട് ഒറ്റപ്പെട്ടപ്പോൾ രാമങ്കരിയിലേക്ക് ആദ്യമായി ടിപ്പർ ഓടിച്ചുപോയി നൂറുകണക്കിനാളുകൾക്ക് രക്ഷകനായ ഓവേലിൽ കണ്‍സ്ട്രക്ഷൻസിലെ ടിപ്പർ ഡ്രൈവർ മാടപ്പള്ളി വടക്കുംമുറി സണ്ണിച്ചനാണ് ഞെട്ടൽ വിട്ടുമാറാതെ രക്ഷാപ്രവർത്തനത്തിന്റെ കാര്യങ്ങൾ വിശദീകരിച്ചത്.
ടിപ്പറിൽ ആളുകളെ രക്ഷപ്പെടുത്താമെന്ന് ചെത്തിപ്പുഴ സർഗക്ഷേത്ര ഡയറക്ടർ ഫാ.അലക്സ് പ്രായിക്കളം ഓവേലിൽ കണ്‍സ്ട്രക്ഷൻസ് ഉടമ ഷാജനെ വിളിച്ച് സംസാരിച്ചിരുന്നു. തന്റെ രണ്ട് വലിയ ടിപ്പറുകളുമായെത്താമെന്ന് ഷാജൻ സമ്മതിച്ചു.
ഇതിൻപ്രകാരം ഉടമ ഷാജൻ, ഡ്രൈവർ സണ്ണി, ക്ലീനർ സജിയുമായി ലോറിയിൽ ഓഗസ്റ്റ് 17ന് പുലർച്ചെ ചെത്തിപ്പുഴ സർഗക്ഷേത്രയിലെത്തി ഡയറക്ടർ ഫാ.അലക്സ് പ്രായിക്കളത്തിനേയും ചങ്ങനാശേരി ഫയർസ്റ്റേഷനിലെത്തി മൂന്ന് മുങ്ങൽ വിദഗ്ധരേയും കയറ്റി ആലപ്പുഴ റൂട്ടിലെ വെള്ളക്കെട്ടിലൂടെ യാത്രതിരിച്ചു.
ടിപ്പർ ഓടിച്ച് മനക്കച്ചിറയിലെത്തിയപ്പോൾ റോഡരുകിലെ താമസക്കാർ ലോറി തടഞ്ഞു. ലോറി ഓടുന്പോൾ വെള്ളംകയറി തങ്ങളുടെ വീടുകൾക്ക് തകർച്ച സംഭവിക്കുമെന്നു പറഞ്ഞാണ് ഇവർ ലോറി തടഞ്ഞത്. ഇതുവകവയ്ക്കാതെ ലോറി ഓടിച്ചുപോയി.റോഡും തോടും പാടവും തിരിച്ചറിയാനാകാത്തവിധം വ്യാപിച്ചുകിടന്ന വെള്ളത്തിനു നടവിലൂടെ ലോറി ഓടിച്ചുനീങ്ങി.
കിടങ്ങറ പാലത്തിൽ എത്തിയപ്പോൾ അവിടെനിന്ന ഒരുകൂട്ടം ആളുകൾ തങ്ങളെ ലോറിയിൽ കയറ്റി രക്ഷപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ ലോറി വീണ്ടും വെള്ളക്കെട്ടിലൂടെ മുന്പോട്ട് ഓടിച്ചു. മാന്പുഴക്കരി പാലത്തിലെത്തിയപ്പോൾ പാലത്തിൽ പെരുമഴ നനഞ്ഞു വലിയസംഘം ആളുകൾ നിന്നിരുന്നു. വിശന്നും മഴ നനഞ്ഞും ഞങ്ങൾ മരിച്ചുവീഴും രക്ഷിക്കണമെന്ന് അവർ യാചിച്ചു. പിന്നെ ഒന്നും നോക്കിയില്ല. അത്രയും പേരെ ഞങ്ങൾ ടിപ്പറിൽ കയറ്റി.
ലോറിയിൽ കരുതിയിരുന്ന വെള്ളവും ബിസ്കറ്റും ബ്രഡും നൽകി അവരുമായി ഞങ്ങൾ ചങ്ങനാശേരി ലക്ഷ്യമാക്കി നീങ്ങി. കോരിച്ചൊരിയുന്ന മഴയത്ത് ടയർമുങ്ങുന്ന നിലയിലുള്ള വെള്ളക്കെട്ടിലൂടെ ലോറിയോടിച്ച് പെരുന്നയിലെത്തി. ഇതറിഞ്ഞ് പല ടിപ്പറുകളും ഓടാൻ സന്നദ്ധമായി എത്തുകയായിരുന്നു.
മൂന്നുദിവസം നിരവധി ട്രിപ്പുകളിലായി ആളുകളെ പെരുന്നയിൽ കൊണ്ടിറക്കി. രണ്ടുദിവസം പട്ടാളക്കാരുമായും കുട്ടനാട്ടിലേക്ക് പോയി. രക്ഷാപ്രവർത്തനത്തെക്കുറിച്ചു പറയുന്പോൾ സണ്ണിച്ചന്റെ മുഖത്ത് സന്തോഷത്തിന്റെ പ്രസരിപ്പ് വിരിയുന്നു.