മംഗലംഡാം: ഡാമിനടുത്ത് ഉപ്പുമണ്ണിൽ ഭൂമി പിളർന്നുനില്ക്കുന്നത് സംബന്ധിച്ച് പരിശോധിക്കാൻ ഒരാഴ്ചയ്ക്കുള്ളിൽ തിരുവനന്തപുരത്തുനിന്നുള്ള ശാസ്ത്രസംഘം എത്തുമെന്ന് റവന്യൂ അധികൃതർ. നാഷണൽ സെന്റർ ഫോർ എർത്ത് സ്റ്റഡീസിൽനിന്നുള്ള പ്രത്യേക ടീമാണ് എത്തുക.
ദുരന്തസാധ്യത, ഭൂമി പിളർന്നതിനെ തുടർന്ന് പ്രദേശത്തെ ഭൂഘടനയിലുണ്ടാകുന്ന ആഘാതം, സുരക്ഷാനടപടി തുടങ്ങിയ കാര്യങ്ങൾ സംഘം പരിശോധിക്കും. ശാസ്ത്രസംഘത്തെ എത്രയുംവേഗം സ്ഥലത്തെത്തിക്കുന്നതിന് ന്യൂഡൽഹിയിലുള്ള സെന്ററിന്റെ കേന്ദ്ര ആസ്ഥാനത്തും സമ്മർദം ചെലുത്തുമെന്ന് പി.കെ.ബിജു എംപി പറഞ്ഞിട്ടുണ്ടെന്ന് റവന്യൂ അധികൃതർ പറഞ്ഞു. എംപി കഴിഞ്ഞദിവസം സ്ഥലം സന്ദർശിച്ചിരുന്നു.
ഭൂമി പിളർന്നുനില്ക്കുന്ന കുന്നിൻചെരിവിനു താഴെയുള്ള വീട്ടുകാരെയെല്ലാം മാറ്റിപാർപ്പിച്ചിരിക്കുകയാണ്. പേമാരിയുണ്ടായ 17-നാണ് രണ്ടേക്കർ കൃഷിയിടത്തിൽ റ ഷേപ്പിൽ ഭൂമിപിളർന്നത്. ഇപ്പോഴും ഇടവിട്ട് മഴ പെയ്യുന്ന സ്ഥിതിയുള്ളതിനാൽ ദുരന്തഭീതിയിലാണ് പ്രദേശത്തെ ജനങ്ങൾ. ഇതുവഴിയുള്ള വാഹനഗതാഗതവും നിരോധിച്ചിരിക്കുകയാണ്.
വിണ്ടുനില്ക്കുന്ന ഭൂമിക്കടിയിൽനിന്നും രൂപംകൊണ്ട ഉറവ ഇപ്പോഴുമുണ്ട്. രണ്ടടിയോളംവരെ അകലത്തിലാണ് പലഭാഗത്തും ഭൂമി പിളർന്നുനില്ക്കുന്നത്. ഇതിലേറെ താഴ്ചയും വിള്ളലുകൾക്കുണ്ട്.