പുനലൂർ : കേരളത്തിൽ ഓണക്കാലമെന്നത് തമിഴ് ഗ്രാമങ്ങളായ ശങ്കരൻകോവിൽ, ശിങ്കിലി പ്പെട്ടി, വീരരൂപ്പു, സുന്ദരപാണ്ഡ്യ പുരം, തെങ്കാശി എന്നിവിടങ്ങളിലെ പൂകർഷകരുടെ ആഹ്ളാദ ദിനങ്ങളാണ്. തങ്ങളുടെ ഒരു വർഷം നീണ്ട കാത്തിരിപ്പിന്റെയും, അധ്വാനത്തിന്റേയും വിളവെടുപ്പ് കാലം വിളവിറക്കിയ പണം തിരിച്ചുപിടിക്കാനുള്ള അവസാന അവസരം ‘ അടുത്ത ഒരു മാസം കേരളത്തിലേക്ക് പു അധികം പോവുകയില്ല’ ഇനിയുള്ളത് വൃശ്ചികമാസത്തെതുശ്ചമായ വിറ്റുവരവ് മാത്രമാണ്.
എന്നാൽ ഓണം, ചിങ്ങമാസത്തെ കല്യാണ ആവശ്യങ്ങളുമൊക്കെയായി ഇവിടെ വിളവെടുക്കുന്ന പുഷ്പങ്ങളിൽ നല്ലൊരുശതമാനവും വില്പന നടത്തുക കേരളമാർക്കറ്റുകളിൽ ആണ്. എന്നാൽ ഇക്കുറി ഇതൊക്കെ ഇല്ലാതായിക്കഴിഞ്ഞു.കേരളത്തിൽ പ്രളയക്കെടുതികളെ തുടർന്ന് ക്ലബ്ബുകളും, സ്ഥാപനങ്ങളും., വിദ്യാഭ്യാസ കേന്ദ്രങ്ങളും അത്തപ്പൂക്കള മത്സരങ്ങൾ ഒഴിവാക്കിയതോടെ പുവിന്റെ ആവശ്യകത തന്നെ ഇല്ലാതായി.
കല്യാണ ആവശ്യങ്ങൾക്ക് ഉള്ളത് മുൻകൂട്ടി ബുക്ക് ചെയ്ത് വരുന്നതിനാൽ ലേലത്തിൽ എടുക്കാനും ആളില്ലാതെയായി. മുൻ വർഷത്തെ അപേക്ഷിച്ച് പകുതി വില്പന പോലും നടന്നിട്ടില്ല എന്നും ശങ്കരൻ കോവിലിൽ വർഷങ്ങളായി പൂ വില്പനക്കാരനായ ചെല്ല ദുരെ പറയുന്നു.ശങ്കരൻ കോവിലിൽ ഇക്കുറി ജമന്തി, ബന്തി എന്നിവ കാര്യമായി കൃഷി ചെയ്തിരുന്നു.
സമീപ ഗ്രാമങ്ങളിൽ മുല്ലയും നല്ല രീതിയിൽ വിളവെടുത്തു എങ്കിലും കാര്യമായ വില ലഭിച്ചിട്ടില്ല. ചിങ്ങമാസം കഴിഞ്ഞാൽ പിന്നെ കേരളത്തിൽ പൂവിന് മാർക്കറ്റ് വൃശ്ചികമാസത്തിൽ മാത്രമാണ്. അത് ഓണക്കാലത്തെ അപേക്ഷിച്ച് തുലോം തുശ്ചമാണ് ‘. എന്നാൽ ബാങ്കുകളിൽ നിന്നും, സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും പണം കടമെടുത്ത് കൃഷിയിറക്കിയവർ പൂവിന് വിറ്റുവരവ് കുറഞ്ഞതിനാൽ എങ്ങനെ പണം തിരിച്ചടക്കുമെന്ന് അറിയാതെ കുഴങ്ങുകയാണ്.
കഴിഞ്ഞ സീസണിലും പകുതിയിൽ താഴെയാണ് വിലയും, വിറ്റുവരവും. മാർക്കറ്റിൽ സജീവമായി വില്പനയ്ക്ക് എത്തിയിട്ടുള്ള ബന്തി (മഞ്ഞ) – 150, ഓറഞ്ച് – 160,വാടാമുല്ല – 160, മുല്ലപ്പൂ – 860, റോസ-350, ട്യൂബ് റോസ് – 350 ,അരുളി – 500; സാധാ അരുളി – ( ചുവപ്പ്, വെള്ള) – 300 എന്നിങ്ങനെയാണ് കിലോയ്ക്ക് വില .ഇത് കേരള മാർക്കറ്റിൽ എത്തുമ്പോൾ ഏറും.
പൂവിന് ഓരോ ദിവസവും ഓരോ വി ല യാ ണ് .തമിഴ്നാട്ടിൽ നിന്നും തെങ്കാശി, ആര്യങ്കാവ് വഴി പൂഎത്തിക്കാൻ കഴിയാത്തതിനാൽ രണ്ടു വാഹനങ്ങളിലെ കയറ്റിറക്ക് കൂലി ഉൾപ്പെടെ വില കൂടുമെങ്കിലും ആവശ്യക്കാർ ഇല്ലാത്തതിനാൽ പൂഎടുക്കുന്നവരുടെ എണ്ണവും വിരലിലെണ്ണാവുന്നവർ മാത്രമായിക്കഴിഞ്ഞു.കേരളത്തിൽ ആഘോഷങ്ങൾ വേണ്ടന്നു വച്ചത് ഏറ്റവും വലിയ തിരിച്ചടിയായിട്ടുള്ളത് പൂ കർഷകർക്കാണ്.
ശങ്കരൻ കോവിലിൽ മൂന്ന് ഏക്കർ പാടം പാട്ടത്തിനെടുത്ത് ജമന്തി കൃഷി ചെയ്ത സേതുപതി കടമെടുത്ത പണം എങ്ങനെ തിരിച്ചടക്കുമെന്നഭയപ്പാടിലാണ്. ഒരേക്കറിൽ 75000 രൂപയോളം ചിലവിട്ടു .കൂടാതെ തന്റെ കുടുംബത്തിന്റെ അധ്വാനവും ഇതൊന്നും കിട്ടിയിട്ടില്ല. മുൻപ് ഓണത്തിന്റെ ആദ്യ ദിനങ്ങളിൽ തന്നെ മുടക്കുമുതൽ തിരിച്ചുപിടിക്കാൻ കഴിയുമായിരുന്നു .എന്നാൽ ഇക്കുറി പകുതി പോലും കച്ചവടകേന്ദ്രങ്ങളിൽ എത്തിക്കാൻ കഴിഞ്ഞിട്ടില്ല .വിലയും ഇല്ല.ആവശ്യക്കാരും കുറഞ്ഞു.