പത്തനാപുരം : താലൂക്ക് ആശുപത്രിയായെങ്കിലും പത്തനാപുരത്തെ സർക്കാർ അതുരാലയം പ്രവർത്തിക്കുന്നത് പരിമിതികൾക്ക് നടുവിൽ.ഒരു കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിന് പോലും ഉള്ള സ്റ്റാഫുകള്‍ ഇല്ലാതെയാണ് താലൂക്ക് ആശുപത്രിയുടെ പ്രവർത്തനം.
കിഴക്കന്‍ മേഖലയില്‍ ആയിരകണക്കിന് കുടുംബങ്ങള്‍ ആശ്രയിക്കുന്ന സര്‍ക്കാര്‍ ആശുപത്രി അവഗണനയില്‍ നട്ടം തിരിയുന്നു.നിരവധി തവണ സ്റ്റാഫ് പാറ്റേണ്‍ പുതുക്കി നിശ്ചിയിക്കണമെന്നാവശ്യം ഉയര്‍ന്നിട്ടും വകുപ്പ് നടപടിയെടുക്കുന്നില്ലെന്ന് പരാതിയും ഉണ്ട്.
ആഴ്ചയിൽ ഒരുദിവസം മാത്രം നടക്കുന്ന ഇൻസുലിൻ, പ്രതിരോധ കുത്തിവയ്പ്പുകൾക്ക് കുട്ടികളും വയോധികരും അടക്കം മണിക്കൂറുകൾ കാത്തിരിക്കേണ്ട അവസ്ഥയാണ്. ഫാർമസിയുടെ സ്ഥിതിയും വ്യത്യസ്തമല്ല. ഒരു കൗണ്ടർ മാത്രമാണ് മരുന്ന് വിതരണത്തിനായി ഉള്ളത്.മണിക്കൂറുകള്‍ കാത്തുനിന്ന ശേഷമാണ് രോഗികള്‍ക്ക് ഡോക്ടറെ കാണാനും മരുന്ന് വാങ്ങാനും കഴിയുക.
പത്തനാപുരം താലൂക്കിലെ ആറ് പഞ്ചായത്തുകളും ആദിവാസിമേഖലയില്‍ നൂറുകണക്കിന് കുടുംബങ്ങളും ആശ്രയിക്കുന്ന പത്തനാപുരം കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിനാണ് ഈ ദുരവസ്ഥ.ഡോക്ടര്‍മാരടക്കം മുപ്പതിലധികം സ്റ്റാഫുകള്‍ വേണ്ട സ്ഥാനത്തില്‍ ആശുപത്രിയില്‍ ഉള്ളത് ഇരുപതിൽ താഴെ ജീവനക്കാര്‍ മാത്രം.ദിവസേന അഞ്ഞൂറിലധികം രോഗികളാണ് ഇവിടെ ചികില്‍സ തേടി എത്തുന്നത്.
മഴക്കെടുതികൾക്ക് ശേഷം രോഗികളുടെ എണ്ണത്തിലും വർദ്ധന ഉണ്ട്. എന്നാല്‍ സ്റ്റാഫുകളുടെ കുറവ് പ്രവര്‍ത്തനങ്ങളെ വളരെയധികം ബാധിക്കുന്നുണ്ട്.പകര്‍ച്ചവ്യാധികള്‍ ഉണ്ടൊകുമ്പോള് രോഗികളുടെ എണ്ണവും ക്രമതീതമായി വര്‍ധിക്കും.ആറ് മാസം മുന്‍പാണ് താലൂക്ക് ആശുപത്രിയായി അപ്ഗ്രേഡ് ചെയ്തത്.