പയ്യന്നൂര്‍: പയ്യന്നൂരിലെ ജ്വല്ലറി കവര്‍ച്ചയുമായി ബന്ധപ്പെട്ട് അന്വേഷണത്തിന്റെ ഭാഗമായി റൂറൽ ബാങ്കിലെ സിസിടിവി ദൃശ്യങ്ങള്‍ അന്വേഷണസംഘം സൂക്ഷ്മ പരിശോധന നടത്തുന്നു. ബാങ്കിന്റെ തകര്‍ക്കപ്പെട്ട നിരീക്ഷണ കാമറയില്‍നിന്നു ലഭിച്ച ദൃശ്യങ്ങളാണു പോലീസ് പരിശോധന നടത്തുന്നത്.
താഴെനിന്നും കൈ ഉയര്‍ത്തി കാമറ തകര്‍ക്കുന്ന ആളുടെ രൂപം കാമറയില്‍ പതിഞ്ഞിട്ടുണ്ടെങ്കിലും പ്രകാശ കുറവുമൂലം ദൃശ്യം അവ്യക്തമാണ്. ഇതിനാലാണു ദൃശ്യം സൂക്ഷ്മ പരിശോധനയ്ക്കു വിധേയമാക്കുന്നത്.സംഭവവുമായി ബന്ധപ്പെട്ട് ഇന്നലെ പോലീസ് രണ്ടുപേരെ കസ്റ്റഡിയിലെടുത്തിരുന്നു.
തുടർന്നു വിശദമായ ചോദ്യം ചെയ്യലിനു ശേഷം കുറ്റക്കാരല്ലെന്നു കണ്ടു ഇവരെ വിട്ടയക്കുകയും ചെയ്തു. പയ്യന്നൂര്‍ പഴയ ബസ് സ്റ്റാൻഡിനു സമീപത്തെ ശ്രീലക്ഷ്മി ജ്വല്ലറിയില്‍ നിന്നും 10,000 രൂപയോളം വില വരുന്ന വെള്ളിയാഭരണങ്ങള്‍ കവര്‍ച്ചയില്‍ നഷ്ടപ്പെട്ടിരുന്നു. പയ്യന്നൂര്‍ കോ-ഓപ്പറേറ്റീവ് റൂറല്‍ ബാങ്ക് കെട്ടിടത്തിലും ഇതേ കെട്ടിടത്തിലെ കൈരളി ഹോട്ടലിലും നടത്തിയ കവര്‍ച്ചാ ശ്രമം നടത്തിയെങ്കിലും പരാജയപ്പെടുകയായിരുന്നു.
ബുധനാഴ്ച രാത്രി 11.30 ഓടെയാണു കവര്‍ച്ച നടന്നതെന്നാണ് ബാങ്കിന്റെ തകര്‍ക്കപ്പെട്ട നിരീക്ഷണ കാമറയില്‍നിന്നും മനസിലാകുന്നത്. സിസിടിവി കാമറ തകര്‍ത്ത സംഭവത്തില്‍ ബാങ്ക് സെക്രട്ടറി പോലീസില്‍ പരാതി നല്കി.