കെഎസ്ആര്‍ടിസിയില്‍ അറ്റകൈ പ്രയോഗം! ചെലവ് കുറയ്ക്കാന്‍ ഇതല്ലാതെ വേറെ മാര്‍ഗമില്ല! 40 ശതമാനം സര്‍വീസുകള്‍ വെട്ടിക്കുറച്ചതിന് പിന്നാലെ കൂട്ടപ്പിരിച്ചുവിടലും

സാമ്പത്തികപ്രതിസന്ധിയും ഇന്ധനക്ഷാമവും കാരണം കെ.എസ്.ആര്‍.ടി.സി. സര്‍വീസുകള്‍ വെട്ടിച്ചുരുക്കുന്നു. അതിനും പുറമേ അറ്റകൈ പ്രയോഗമെന്നവണ്ണം എംപാനല്‍ ജീവനക്കാരെ പിരിച്ചും വിടുന്നു. സംസ്ഥാനത്തൊട്ടാകെ 3,33,117 കിലോമീറ്റര്‍ ദൂരം ഓട്ടമാണ് കുറയ്ക്കുന്നത്. തോടെ സര്‍വീസുകള്‍ വ്യാപകമായി മുടങ്ങുകയും ചെയ്യും.

ശനിയാഴ്ചമുതല്‍ നിര്‍ദേശം കര്‍ശനമായി പാലിക്കണമെന്ന് സോണല്‍ ഓഫീസര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. ഓണക്കാലത്ത് 40 ശതമാനം സര്‍വീസുകള്‍ വെട്ടിക്കുറക്കാനുള്ള നിര്‍ദേശത്തിന് പിന്നാലെയാണ് ദിവസേനയുള്ള ഇന്ധന ഉപയോഗം കുറയ്ക്കാനുള്ള നീക്കവും.

സംസ്ഥാനത്ത് 5,400 ഷെഡ്യൂളുകളാണ് കെ.എസ്.ആര്‍.ടി.സി. നടത്തുന്നത്. ഇതില്‍ ഒരുദിവസം 8,000 രൂപപോലും വരുമാനം കിട്ടാത്ത സര്‍വീസുകളെല്ലാം റദ്ദാക്കും. മൂന്നരക്കോടി രൂപയാണ് ഡീസലിനായി കെ.എസ്.ആര്‍.ടി.സി. ചെലവിടുന്നത്. ഇത് രണ്ടരക്കോടിയാക്കി ചുരുക്കാന്‍ ഓടുന്ന ദൂരം വെട്ടിക്കുറക്കും.

നിലവില്‍ സംസ്ഥാനത്ത് ഒരുദിവസം 18,03,279 കിലോമീറ്റര്‍ ദൂരമാണ് കെ.എസ്.ആര്‍.ടി.സി. ഓടുന്നത്. ഇതിന് 4,51,267 ലിറ്റര്‍ ഡീസല്‍ വേണം. 14,70,162 കിലോമീറ്റര്‍ ദൂരമായി ഓട്ടം ചുരുക്കുമ്പോള്‍ ഡീസല്‍ ഉപയോഗം 3,70,999 ലിറ്ററായി പരിമിതപ്പെടുത്താം. ഇതുവഴി സാമ്പത്തികപ്രതിസന്ധി താത്കാലികമായി പരിഹരിക്കാമെന്നാണ് കണക്കുകൂട്ടല്‍.

ഡീസല്‍ കമ്പനികള്‍ക്ക് കെ.എസ്.ആര്‍.ടി.സി. 185 കോടിയോളം കുടിശ്ശികയായി നല്‍കാനുണ്ട്. ടയര്‍ കമ്പനികള്‍ക്ക് 22 കോടിയും ബാധ്യതയായി നില്‍ക്കുന്നു. ഡീസല്‍ കമ്പനികള്‍ കൂടുതല്‍ കടം നല്‍കാതായതോടെയാണ് ഇന്ധനക്ഷാമം തുടങ്ങിയത്.

നഷ്ടത്തില്‍ നിന്ന് കരകയറാന്‍ കടുത്തനടപടി തുടരുന്ന കെ.എസ്.ആര്‍.ടി.സി 143 എംപാനല്‍ ജീവനക്കാരെ പിരിച്ചുവിടുകയും ചെയ്തു. ബസുകളുടെ ബോഡി നിര്‍മാണം പുറത്തുള്ള ഏജന്‍സിയെ ഏല്‍പിച്ചതോടെ ജോലിയില്ലാതായതുകൊണ്ടാണ് ഇവരെ ഒഴിവാക്കുന്നതെന്നാണ് കെ.എസ്.ആര്‍.ടി.സിയുടെ വിശദീകരണം.

പാപ്പനംകോട്, ആലുവ, എടപ്പാള്‍ ഉള്‍പ്പടെ ബോഡി ബില്‍ഡിങ് വര്‍ക് ഷോപ്പുകളില്‍ ഉണ്ടായിരുന്ന 134 വെല്‍ഡിങ് ജോലിക്കാരേയും ഒന്‍പത് അപോള്‍സ്റ്ററി ജോലിക്കാരേയുമാണ് പിരിച്ചുവിട്ടത്. പത്തുവര്‍ഷമായി ജോലി ചെയ്യുന്നവര്‍ വരെയുണ്ട് ഇക്കൂട്ടത്തില്‍. ചെലവ് കുറയ്ക്കാന്‍ ഇതല്ലാതെ വേറെ മാര്‍ഗമില്ലെന്നാണ് വിശദീകരണം. ഇവരെ ഒഴിവാക്കിയാല്‍ ശമ്പള ഇനത്തില്‍ മാസം ഇരുപത് ലക്ഷത്തോളം രൂപയുടെ കുറവുണ്ടാകും.

ഇവരില്‍ യോഗ്യരായവരെ ഡ്രൈവര്‍മാരായും കണ്ടക്ടര്‍മാരായും പുനര്‍ നിയമിക്കുമെന്നാണ് മാനേജ്‌മെന്റ് പറയുന്നത്. പക്ഷെ ഡ്രൈവറാകാന്‍ 99ശതമാനം പേര്‍ക്കും ഹെവി ലൈസന്‍സില്ല. പിഎസ്‌സി അഡൈ്വസ് മെമോ കിട്ടിയവരെപ്പോലും കണ്ടക്ടറായി നിയമിച്ചിട്ടില്ലാത്ത സാഹചര്യത്തില്‍ ഇവരെ കണ്ടക്ടറാക്കുകയും എളുപ്പമല്ല. സര്‍ക്കാരില്‍ നിന്ന് ഇനി കാര്യമായ സഹായം കിട്ടില്ലെന്ന് ഉറപ്പായതോടെയാണ് ചെലവു കുറയ്ക്കാന്‍ കെ.എസ്.ആര്‍ ടിസിയുടെ അറ്റകൈ പ്രയോഗം. നേരത്തെ ഡീസല്‍ ഉപയോഗം ഇരുപത് ശതമാനം കുറയ്ക്കുകയും പലയിടത്തും നാല്‍പതുശതമാനം വരെ സര്‍വീസുകള്‍ വെട്ടിച്ചുരുക്കുകയും ചെയ്തിട്ടുണ്ട്.

Related posts