ആമിര്‍ ഖാന്റെ ബിഗ്ബജറ്റ് ചിത്രം മഹാഭാരതത്തില്‍ ബാഹുബലി താരം പ്രഭാസുമെന്ന് റിപ്പോര്‍ട്ട്. എയര്‍ പോര്‍ട്ടില്‍ കൈയില്‍ മഹാഭാരതവുമായി ആമിര്ഖാനെത്തുന്നത് വാര്‍ത്തയായിരുന്നു. ചിത്രത്തിന്റെ നിര്‍മ്മാണത്തില്‍ പങ്കാളിയാകാന്‍ ഒരു ചൈനീസ് കമ്പനിയും തയ്യാറെടുക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇതിഹാസ കഥകള്‍ ഏറ്റവും ഇഷ്ടപ്പെടുന്നവരാണ് ചൈനീസ് ജനത. ആമിറിന്റെ ദംഗല്‍, സീക്രട്ട് സൂപ്പര്‍സ്റ്റാര്‍ തുടങ്ങിയ ചിത്രങ്ങള്‍ ചൈനയില്‍ സൂപ്പര്‍ ഹിറ്റായിരുന്നു.
ചിത്രത്തിനായി ആമിര്‍ പ്രഭാസിനെ സമീപിച്ചിരിക്കുന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ട്. സിനിമയില്‍ അര്‍ജുനന്റെ വേഷത്തിലേയ്ക്കാണ് പ്രഭാസിനെ പരിഗണിക്കുന്നതെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മുകേഷ് അംബാനിയുമായി ചേര്‍ന്ന് ആമിര്‍ നിര്‍മിക്കുന്ന മഹാഭാരതത്തിന്റെ ബജറ്റ് ആയിരം കോടിയാണ്.
തഗ്സ് ഓഫ് ഹിന്ദോസ്ഥാന്‍ എന്ന പുതിയ സിനിമ പൂര്‍ത്തീകരിച്ച ആമിര്‍, മഹാഭാരതം ചെയ്യാനുളള തയ്യാറെടുപ്പിലാണെന്ന് നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. കൃഷ്ണനായി ആമിര്‍ തന്നെ എത്തുമ്പോള്‍ ദ്രൗപതിയുടെ വേഷത്തില്‍ ദീപിക പദുക്കോണെ പരിഗണിക്കുന്നു. മൂന്ന് ഭാഗങ്ങളിലായാകും ചിത്രം ഒരുങ്ങുക.
ചിത്രത്തിലെ മറ്റു പ്രധാനകഥാപാത്രങ്ങളായി പുതുമുഖങ്ങളെയാകും ആമിര്‍ അണിനിരത്തുക. രാജ്യമൊട്ടാകെയുള്ള കഴിവുള്ള പുതുമുഖ അഭിനേതാക്കളെ തിരഞ്ഞെടുക്കാനുള്ള ഒരു ഗംഭീര കാസ്റ്റിങ് കോള്‍ പരിപാടി ഒരുക്കാനുള്ള ശ്രമത്തിലാണ് ആമിര്‍. എന്തായാലും പുതിയ വാര്‍ത്തകള്‍ ആരാധകര്‍ക്ക് പ്രതീക്ഷ പകരുന്നതാണ്.