പത്തനംതിട്ട: കോഴഞ്ചേരി ഗവണ്മെന്റ് ഹൈസ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിയായ ഉള്ളന്നൂർ സൗപർണികയിൽ ദേവദത്ത് കഴിഞ്ഞ രണ്ടുവർഷമായി അഞ്ച് രൂപയുടെയും 10 രൂപയുടെയും സ്വർണനിറമുള്ള നാണയങ്ങൾ ശേഖരിച്ച് സൂക്ഷിച്ചുവരികയായിരുന്നു.
മണ്ണുകൊണ്ട് നിർമിച്ച ഒരു കുടത്തിലായിരുന്നു ദേവദത്തിന്റെ നാണയശേഖരം. ജില്ലയിലുണ്ടായ പ്രളയക്കെടുതിയിൽ ദേവദത്തിന്റെ പല കൂട്ടുകാരുടെയും വീടുകൾ മുങ്ങിപ്പോയി. അവരുടെ വീടുകൾ കാണാനും ആശ്വസിപ്പിക്കാനും ഈ സ്കൂളിലെ അധ്യാപിക കൂടിയായ ദേവദത്തിന്റെ അമ്മ ശ്രീരഞ്ജുവിനേയും സഹപാഠികളേയും കൂട്ടി ദേവദത്ത് പോയിരുന്നു.
പ്രളയക്കെടുതിയിലെ ദുരിതത്തിൽ അകപ്പെട്ടവരെ സഹായിക്കുന്നതിന് അമ്മയും സ്കൂളിലെ മറ്റ് അധ്യാപകരും തങ്ങളുടെ ശന്പളം നൽകുന്നുണ്ടെന്ന് അിറഞ്ഞ ദേവദത്തിനും 1000 രൂപയെങ്കിലും ദുരിതാശ്വാസ നിധിയിലേക്ക് നൽകണമെന്ന് നിർബന്ധം.
താൻ പൊന്നുപോലെ സൂക്ഷിക്കുന്ന നാണയശേഖരം ഇതിനായി നൽകണമെന്ന ദേവദത്തിന്റെ ആവശ്യം അംഗീകരിച്ച അമ്മയും ക്ലാസ് ടീച്ചറും സഹപാഠികളും ഇന്നലെ കളക്ടറേറ്റിലെത്തി ദേവദത്തിന്റെ നാണയശേഖരത്തിലുണ്ടായിരുന്ന 1125 രൂപ ജില്ലാ കളക്ടർ പി.ബി.നൂഹിന് കൈമാറി.
സഹജീവികളുടെ ദുരിതത്തിൽ അവരെ സഹായിക്കാൻ തന്റെ പ്രിയപ്പെട്ട സന്പാദ്യം നൽകിയ ദേവദത്തിന്റെ മാതൃക ഉദാത്തമാണെന്ന് ജില്ലാ കളക്ടർ പി.ബി.നൂഹ് പറഞ്ഞു.