മുഹമ്മ: ദുരിതാശ്വാസ ക്യാന്പിലിരുന്ന് കുഞ്ഞിന്റെ ഒരു കാത് വെറ്റില കൊണ്ട് അടച്ച് മറു കാതിൽ അച്ഛൻ ചൊല്ലി വിളിച്ചു പവിത്രാ രാജ്. ഒപ്പം അടുത്ത ബന്ധുക്കളും. പി.കൃഷ്ണപിള്ള സ്മാരക ട്രസ്റ്റ് പ്രവർത്തകരും നിറഞ്ഞ സന്തോഷത്തോടെ സാന്നിധ്യമരുളി.
ദുരിതാശ്വാസ ക്യാന്പായി പ്രവർത്തിക്കുന്ന മണ്ണഞ്ചേരി തറമൂട് നാസർ തെക്കേച്ചിറയുടെ വീട്ടിലാണ് കുഞ്ഞിന്റെ പേര് ഇടീൽ ചടങ്ങ് സംഘടിപ്പിച്ചത്. നെടുമുടി പത്താം വാർഡിൽ മണപ്ര കൊച്ചുപറന്പ് രാജേഷ് രേഷ്മ ദന്പതികളുടെ മകളുടെ പേരിടീൽ ചടങ്ങാണ് ആചാരാനുഷ്ഠാനങ്ങളോടെ ആഘോഷത്തോടെ നടന്നത്.
രാജേഷ് -രേഷ്മ ദന്പതികളുടെ ഒരു കുട്ടി ഗർഭാവസ്ഥയിലും മറ്റൊരുകുട്ടി ജനനശേഷവും നഷ്ടപ്പെട്ടിരുന്നു. മൂന്നാമത്തെ കുട്ടിയുടെ ജനനസമയമായപ്പോൾ കുട്ടനാട്ടിലെങ്ങും വെള്ളപ്പൊക്കമായി. ഈ സമയം മംഗലാപുരത്തെ സീ ഫുഡ് കന്പനി സൂപ്പർവൈസറായ രാജേഷ് ഇവിടെ എത്തി. ഭാര്യയെ ചങ്ങനാശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പ്രസവശേഷം കുട്ടനാട് ഭയാനകമായ പ്രളയജലത്തിൽ മുങ്ങി. അങ്ങനെയാണ് രാജേഷും കുടുംബവും മണ്ണഞ്ചേരിയിലെ ക്യാന്പിൽ എത്തിച്ചേർന്നത്. കുഞ്ഞിന് പേരിടീൽ ചടങ്ങ് അടുത്തു വരുന്പോൾ എന്തു ചെയ്യുമെന്ന അങ്കലാപ്പിലായിരുന്നു കുടുംബം. ഇതറിഞ്ഞ പി. കൃഷ്ണപിള്ള സ്മാരക ട്രസ്റ്റ് രക്ഷാധികാരി ആർ. റിയാസിന്റെ നേതൃത്വത്തിലുള്ള ട്രസ്റ്റ് പ്രവർത്തകർ എത്തി ചടങ്ങിന് വേണ്ട ക്രമീകരണങ്ങൾ ചെയ്തു.
വീട്ടുമുറ്റത്ത് പന്തൽ ഉയർന്നു. അടുത്ത ബന്ധുക്കൾ എത്തി പേരിടീൽ ചടങ്ങ് നടത്തി. ജില്ലാ പഞ്ചായത്ത് മെന്പർ പി.എ. ജുമൈലത്ത് ട്രസ്റ്റ് ഭാരവാഹികളായ. ആർ.റിയാസ്, ൃവി.കെ.ഉല്ലാസ് ,കെ.വി.രതീഷ്, നൗഷാദ് പുതുവീട്, സാബു ശിവാനന്ദൻ സുനീഷ് ദാസ് തുടങ്ങിയവർ പങ്കെടുത്തു. മധുര പലഹാര വിതരണവും പി. കൃഷ്ണപിള്ള സ്മാരക ട്രസ്റ്റിന്റെ വിശപ്പ് രഹിത മാരാരിക്കുളം അടുക്കളയിൽ നിന്നെത്തിയ വിഭവങ്ങളും ചടങ്ങിനെത്തിയവർക്ക് വിളന്പി.