കോഴിക്കോട്: വിവാഹമോചനം ആവശ്യപ്പെട്ട് യുവതിയെ ഭർത്താവ് മർദിച്ചതായി പരാതി. ബേപ്പൂർ നാലുപുരക്കണ്ടി കുനിയിൽ ഹരിതയാണ് മർദനത്തെ തുടർന്ന് ബീച്ച് ജനറൽ ആശുപത്രിയിൽ ചികിത്സ തേടിയിരിക്കുന്നത്.
കഴിഞ്ഞ ബുധനാഴ്ച രാത്രി 11 ഓടെയാണ് ഹരിതയെ ഭർത്താവ് ബേപ്പൂർ കൈയടിത്തോട് അന്പാലി വീട്ടിൽ ഷാജി മർദിച്ചത്. മർദനത്തെ തുടർന്ന് ഹരിത വീട്ടിൽനിന്ന് ഇറങ്ങി ഓടി രക്ഷപ്പെടുകയായിരുന്നു.
ശരീരമാസകലം പരിക്കേറ്റ ഹരിതയെ പിന്നീട് മാറാട് പോലീസാണ് ബീച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കഴിഞ്ഞ കുറച്ചു വർഷങ്ങളായി തനിക്ക് ഭർത്താവിന്റെ വീട്ടിൽനിന്ന് നിരന്തരമായി പീഡനം അനുഭവിക്കേണ്ടി വന്നതായി ഹരിത പറഞ്ഞു.
തന്നെ മർദിക്കുന്നത് പതിവായതോടെ ഭർത്താവിന്റെ വീട്ടിൽ നിന്ന് വാടകവീട്ടിലേക്ക് മാറുകയായിരുന്നുവെന്നും അവർ പറഞ്ഞു. എന്നാൽ വാടക വീട്ടിൽ തന്നെ ഉപേക്ഷിച്ച് ഭർത്താവ് സ്വന്തം വീട്ടിലേക്ക് മടങ്ങിയെന്നും ചെലവിന് നൽകിയില്ലെന്നും ഹരിത പറയുന്നു.
ചെലവിന് നൽകണമെന്ന് ആവശ്യപ്പെട്ട് കോടതിയിൽ കേസ് കൊടുത്ത ഹരിതയ്ക്ക് അനുകൂലമായി കഴിഞ്ഞ ഡിസംബറിൽ വിധി വന്നിരുന്നു.
ഇതും ഭർതൃവീട്ടുകാർ നിരസിച്ചു. ഇതേ തുടർന്നാണ് താൻ വീണ്ടും ഭർതൃവീട്ടിൽ എത്തിയതെന്നും ഹരിത പറഞ്ഞു. എന്നാൽ തന്നെ സംരക്ഷിക്കാൻ കഴിയില്ലെന്നും വിവാഹമോചനം വേണമെന്നും ആവശ്യപ്പെട്ടാണ് ഷാജിയും വീട്ടുകാരും വീണ്ടും പീഡിപ്പിക്കുന്നതെന്നും ഹരിത പറഞ്ഞു.
വിവാഹമോചനത്തിന് കേസ് ഫയൽ ചെയ്തില്ലെങ്കിൽ തന്നെ വീണ്ടും മർദിക്കുമെന്ന് ഭർത്താവ് ഭീഷണിപ്പെടുത്തിയെന്നും ശരീരത്തിന്റെ ഇടതുഭാഗം മുഴുവനും മർദനത്തിൽ പരിക്കേറ്റതായുംഹരിത പറഞ്ഞു. തലയ്ക്കും പരിക്കുണ്ടെന്ന് അവർ പറയുന്നു.
അതേസമയം സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തിട്ടില്ലെന്ന് മാറാട് പോലീസ് അറിയിച്ചു. ആശുപത്രിയിൽനിന്ന് മൊഴി പകർപ്പ് ലഭിക്കുന്ന മുറയ്ക്ക് കേസ് രജിസ്റ്റർ ചെയ്യുമെന്നും പോലീസ് പറഞ്ഞു.