കണ്ണൂർ: പ്രളയം ഒഴിഞ്ഞതോടെ സംസ്ഥാനത്ത് പകർച്ചവ്യാധികൾ പടരാൻ സാധ്യതയുണ്ടെന്നും ജനങ്ങൾ ജാഗ്രതപാലിക്കണമെന്നും മന്ത്രി കെ.കെ. ശൈലജ. കണ്ണൂരിൽ പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനത്ത് എലിപ്പനി മൂലം മരണം സംഭവിക്കാൻ സാധ്യതയുണ്ട്.
പ്രളയബാധിത പ്രദേശങ്ങളിൽ ഇടപെട്ടവരും മൃഗങ്ങളുമായി പെരുമാറുന്നവരും പ്രതിരോധ ഗുളികകൾ കഴിക്കണം. ഇതിനായി സംസ്ഥാന വ്യാപകമായി ലക്ഷക്കണക്കിന് ഗുളികകൾ ആരോഗ്യവകുപ്പ് വിതരണം ചെയ്തിട്ടുണ്ട്.
പ്രളയസ്ഥലത്ത് ബന്ധപ്പെട്ടവർ തീർച്ചയായും ഈ ഗുളിക കഴിക്കണം. ഡോക്സി സൈക്ലിൻ എന്ന പ്രതിരോധ ഗുളികയാണ് കഴിക്കേണ്ടത്. ഇക്കാര്യം സർക്കാർ ആശുപത്രികൾക്കും സ്വകാര്യ ആശുപത്രികൾക്കും നൽകാൻ നിർദേശം നൽകിയിട്ടുണ്ട്. എലി, മറ്റു മൃഗങ്ങൾ എന്നിവയുടെ മൂത്രത്തിലൂടെയാണ് ഈ രോഗം പടരുന്നത്.
പ്രളയത്തിലും മറ്റും സഹായിക്കാനെത്തിയവരുടെ കാലിനും മറ്റും മുറിവുണ്ടായത് കൊണ്ട് എലികളുടെയും മറ്റുള്ള മൃഗങ്ങളുടെയും മലമൂത്ര വിസർജനം വെള്ളത്തിൽ കലങ്ങുന്നതുകൊണ്ട് എലിപ്പനി പടരാൻ സാധ്യതയുണ്ട്.
ചെറിയ തലവേദനയും പനി മുതൽ കഠിന ലക്ഷണങ്ങൾ വരെ ഈ രോഗത്തിന് കാണിക്കാൻ സാധ്യതയുണ്ട്. പനി വന്നാൽ സാഹചര്യം നോക്കി ഡോക്ടറെ ഉടൻ സമീപിക്കണം. എലിപ്പനി ബാധിച്ച് മരിച്ചവർ സംസ്ഥാനത്ത് രണ്ടുപേരാണ്. എന്നാൽ സംശയകരമായ സാഹചര്യത്തിൽ 20 ഓളം പേർ മരിച്ചിട്ടുണ്ട്.
ഡോക്ടർമാരോട് എലിപ്പനിയുടെ പ്രതിരോധ മരുന്ന് നിർദേശിക്കാൻ കർശനമായ നിർദേശം നൽകിയിട്ടുണ്ട്. സംസ്ഥാനത്ത് മരുന്ന് ക്ഷാമം ഇല്ലെന്ന് മന്ത്രി പറഞ്ഞു. എലിപ്പനിയെ കൂടാതെ ഡങ്കിപ്പനി തിരിച്ചുവരാനുള്ള സാധ്യതയുമുണ്ട്. മഞ്ഞപ്പിത്തം തുടങ്ങിയ പകർച്ചവ്യാധികൾക്കെതിരേ പൊതുജനങ്ങൾ ജാഗ്രത പുലർത്തണം. കൊതുക് നശീകരണത്തിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കൊപ്പം പൊതുജനങ്ങളും പ്രവർത്തിക്കണം.
ആരോഗ്യസേന രൂപീകരിച്ച് പ്രവർത്തിച്ചു ആരംഭിച്ചിട്ടുണ്ട്. 20 വീടുകൾ കേന്ദ്രീകരിച്ച് പ്രവർത്തനം നടത്തണം. കുടിവെള്ളം നിർബന്ധമായും തിളപ്പിച്ച് കുടിക്കണം. മൃഗങ്ങളെ പരിപാലിക്കുന്നവർ കൈയുറ ധരിക്കുകയും സോപ്പ് ഉപയോഗിച്ച് കഴുകുകയും വേണം. പരിസര ശുചീകരണത്തിന് ഓരോ വ്യക്തികളും മുന്നിട്ടിറങ്ങണം.
പ്രളയത്തിനുശേഷം എലിപ്പനി വ്യാപകമാകാൻ സാധ്യതയുള്ളതിനാൽ മുൻകരുതലും മുന്നറിയിപ്പുകളും ജനങ്ങൾ പാലിക്കണമെന്നും അവർ പറഞ്ഞു. തിരുവനന്തപുരം, കോഴിക്കോട്, പാലക്കാട്, പത്തനംതിട്ട, മലപ്പുറം, കൊല്ലം, ഇടുക്കി, എറണാകുളം എന്നിവിടങ്ങളിൽ എലിപ്പനി പടർന്നുപിടിച്ചിട്ടുണ്ട്.
തിരുവനന്തപുരത്താണ് രണ്ടു മരണം സ്ഥിരീകരിച്ചത്. പ്രളയമൊഴിഞ്ഞതിനുശേഷം 30 ദിവസത്തേക്ക് ആരോഗ്യവകുപ്പ് സംസ്ഥാന വ്യാപകമായി ജാഗ്രതാനിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. പത്രസമ്മേളനത്തിൽ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ.വി. സുമേഷ്, ജില്ലാ കളക്ടർ മിർ മുഹമ്മദലി, ഡിഎംഒ നാരായണൻ നായിക് എന്നിവരും പങ്കെടുത്തു.