സെബി മാളിയേക്കൽ
തൃശൂർ: പ്രളയജലം ഇറങ്ങിയതോടെ നാട്ടിൻപുറങ്ങളിലെ പുഴയോരങ്ങളിലും കനാലുകളിലും ചിറകളിലും തോടുകളിലുമെല്ലാം ചൂണ്ടയിടുന്നവർക്ക് ചാകരയാണ്. നട്ടർ, കട്ട്ല, റോഹു, പിലോപ്പി, മലേഷ്യൻ വാള, മൃഗാല തുടങ്ങിയ വളർത്തുമീനുകളാണ് തൃശൂർ ജില്ലയിൽ അധികവും ലഭിക്കുന്നത്. ഡാമുകൾ തുറന്നതോടെ വലിയ തൂക്കമുള്ള മത്സ്യങ്ങളാണ് ഇടത്തോടുകളിൽപോലും എത്തിപ്പെട്ടിട്ടുള്ളത്.
എട്ടും പത്തുംവരെ കിലോ തൂക്കുമുള്ള കട്ട്ലയും റോഹുവും (ചോപ്പൻ) മറ്റും ലഭിച്ചതായി പല ചൂണ്ടക്കാരും പറയുന്നു. കൂടാതെ മത്സ്യകൃഷി നടത്തുന്ന കുളങ്ങൾ നിറഞ്ഞുകവിഞ്ഞ് മീനുകൾ ഒഴുകിപ്പോയതും വളർത്തുമത്സ്യങ്ങൾ ലഭിക്കുന്നതിനു കാരണമായിട്ടുണ്ട്.
പിരാന വിഭാഗത്തിൽപ്പെട്ട നട്ടർ മത്സ്യം വളരെയധികം ലഭിക്കുന്നതായി കാറളം പുല്ലത്തറയിൽ ചൂണ്ടയിടുന്ന “ചൂണ്ട ആശാൻ’ എന്നറിയപ്പെടുന്ന മത്സ്യത്തൊഴിലാളി സംഘം കാറളം മണ്ഡലം സെക്രട്ടറി വിനോദ് കല്ലുങ്ങൽ പറയുന്നു.
പക്ഷേ, നട്ടർ മീൻ മാംസഭുക്കായതിനാൽ ജലാശയങ്ങളിൽ പെരുകിയാൽ നാടൻ മത്സ്യങ്ങളെയും കുഞ്ഞുങ്ങളെയും കൂട്ടത്തോടെ തിന്നുമെന്നും ഇതു നാടൻ മത്സ്യങ്ങളുടെ വംശനാശത്തിനിടയാക്കുമെന്നും ഇയാൾ പറയുന്നു. സാധാരണ വർഷങ്ങളിൽ സമൃദ്ധമായ മഴ കിട്ടിയാൽ ലഭിക്കുന്ന മലിഞ്ഞീൻ, മഞ്ഞ ഏട്ട, നാടൻ വാള, കരിമീൻ എന്നീ മീനുകൾക്ക് പകരമാണ് ഇത്തവണ ഇത്തരം മീനുകൾ ലഭിക്കുന്നത്.
“ഉത്രാടം തൊട്ട് വണ്ടി ഇട്ത്തിട്ടില്ല്യ, ചൂണ്ടേല് നല്ല ചാകര്യാ. വളർത്തുമീൻ ഇഷ്ടം പോലെ കിട്ട്ണ് ണ്ട്. ഏതായാലും ജീവനൊള്ളോണ്ട് കിലോ ഇരുന്നൂറ് വച്ച് കിട്ടും. ഇന്നലെ ആറ് നല്ല കരിമീൻ കിട്ടി. രണ്ടു കിലോണ്ടായി. അപ്പൊ, ഞാൻ നോക്കീട്ട് ഠാണാവീപ്പോയി പേട്ടേല് കെട്ക്കണേക്കാള് ഭേദാ.’ – ഓട്ടോ ഡ്രൈവർകൂടിയായ വിനോദ് ചിരിച്ചുകൊണ്ട് പറഞ്ഞു.ജില്ലയുടെ അഴിമുഖങ്ങളായ അഴീക്കോട്, പുത്തൻവേലിക്കര, കൃഷ്ണൻകോട്ട, മതിലകം പ്രദേശങ്ങളിൽ ചൂണ്ടക്കാർക്ക് സമൃദ്ധമായി ചെന്പല്ലിയും കാളാഞ്ചിയും ലഭിച്ചു.
കൂട് മത്സ്യകൃഷിക്കാരുടെ മത്സ്യങ്ങൾ പ്രളയത്തിൽ ഒഴുകിപ്പോയതാണ് ഇത്തരത്തിൽ വ്യാപകമായി മീൻ ലഭിക്കാൻ ഇടയാക്കിയത്. കഴിഞ്ഞ ദിവസം ചാലക്കുടി വെട്ടുകടവിൽനിന്ന് 40 കിലോ തൂക്കവും ആറടിയിലധികം നീളമുള്ള അരാപൈമ മത്സ്യം പോലും കിട്ടിയിരുന്നു.