തിരുവനന്തപുരം: പ്രളയദുരിതാശ്വാസ നിധിയിലേക്ക് അന്യഭാഷാ താരങ്ങൾ നൽകിയ തുകപോലും മലയാള താരങ്ങൾ നൽകിയില്ലെന്ന ആരോപണവുമായി നടി ഷീലയ്ക്കു പിന്നാലെ മന്ത്രി കടകംപള്ളി സുരേന്ദ്രനും.
ദുരിതാശ്വ നിധിയിലേക്ക് സംഭാവന നൽകുന്ന കാര്യത്തിൽ മലയാളത്തിലെ മഹാനടന്മാര് തെലുങ്ക് നടന് പ്രഭാസിനെ കണ്ടു പഠിക്കണമെന്ന് മന്ത്രി പറഞ്ഞു. പ്രളയബാധിതരുടെ പുനരധിവാസത്തിനായി സഹകരണവകുപ്പ് ആവിഷ്കരിച്ച കെയര്‍കേരള പദ്ധതിയുടെ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രഭാസ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടി രൂപ നല്കിയതു മലയാളത്തിലെ മഹാനടന്മാര് മാതൃകയാക്കണം. ഒരു സിനിമയ്ക്കു മാത്രം മൂന്നും നാലും കോടി വാങ്ങുന്നവര്‍ നമ്മുടെ നാട്ടിലുമുണ്ടെന്നും കടകംപള്ളി പറഞ്ഞു.
നാല് കോടിയുടെ വാഹനങ്ങൾ ഉപയോഗിക്കുന്ന താരങ്ങൾ ദുരിതാശ്വ നിധിയിലേക്ക് എന്തുനൽകിയെന്നായിരുന്നു ഷീലയുടെ ചോദ്യം. മറ്റ് ഭാഷയിലെ താരങ്ങൾ നൽകിയ തുകപോലും മലയാള സിനിമാ താരങ്ങൾ നൽകിയില്ല. ജനങ്ങൾ ടിക്കറ്റെടുക്കുന്ന കാശുകൊണ്ടാണ് തങ്ങൾ ജീവിക്കുന്നതെന്ന് താരങ്ങൾ മനസിലാക്കണം.
എല്ലാ താരങ്ങളും ചേർന്ന് താരനിശ നടത്തി അതിൽനിന്നും ലഭിക്കുന്ന വരുമാനം ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യണമെന്നും ഷീല ആവശ്യപ്പെട്ടു.